കോവിഡ് പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്.
പരിശോധനയിലും കോവിഡ് കേസുകൾ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാർഡ് തലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാവണം ഇത്.
ജനങ്ങൾ അന്തർസംസ്ഥാന യാത്രകൾ നടത്തുന്നതോ സാധനസാമഗ്രികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല. മറ്റുപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
അയൽരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.