17.1 C
New York
Thursday, August 18, 2022
Home Kerala കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരണമെന്ന് സർവ്വകക്ഷി യോഗം തീരുമാനിച്ചു

കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരണമെന്ന് സർവ്വകക്ഷി യോഗം തീരുമാനിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തിങ്കളാഴ്ച്ച ചേർന്ന സര്‍വ്വകക്ഷിയോഗത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന ഏകാഭിപ്രായമാണ് ഉണ്ടായത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ അറിയിച്ചു എന്നത് സ്വാഗതാര്‍ഹമാണ്.

സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടുതന്നെയാണ് യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പ്രതിനിധികളും പങ്കുവച്ചത്. എന്നാല്‍ ഇന്നത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വ്വകക്ഷിയോഗത്തിന്‍റെ പൊതു അഭ്യര്‍ത്ഥന.
വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2നും അടുത്ത ദിവസങ്ങളിലും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്‍റുമാര്‍ എന്നിവര്‍ക്കു മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.

എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനം. അടച്ചിട്ട ഹാളുകളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണം.

വിവാഹ ചടങ്ങുകള്‍ക്കും ഇപ്പോള്‍ 75 പേരെയാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് 50ലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രേവശം എന്നീ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രിജിസ്റ്റര്‍ ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുണ്ട്.
മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തണം. ഒരു കാരണവശാലും പരമാവധിയിലപ്പുറം പോകാന്‍ പാടില്ല.

ആരാധനാലയങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട്. റമദാന്‍ കാലമായതുകൊണ്ട് പള്ളികളില്‍ പൊതുവെ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കേണ്ടിവരും.
ഇക്കാര്യം ജില്ലാകളക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകുന്നതാണ് നല്ലത്. ദേഹശുദ്ധിവരുത്തുന്നതിന് ടാങ്കിലെ വെള്ളത്തിനു പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. പല പള്ളികളും ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പാലിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്ന സമ്പ്രദായം തല്‍ക്കാലത്തേക്ക് ഒഴിവാക്കണം.

സിനിമ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്പോര്‍ട്സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്ക്കേണ്ടിവരും.

എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം.

ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്‍റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം.
വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.

ഒന്നരവര്‍ഷത്തോളമായി നാം കോവിഡിനൊപ്പമാണ് ജീവിക്കുന്നത്. ഇനിയും ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ടുപോകേണ്ടിവരും. ഈ പ്രതിസന്ധിയെ നാം യോജിച്ച് നേരിടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും പൊതുജനങ്ങളും കൂട്ടായി ശ്രമിച്ചതിന്‍റെ ഫലമായി രോഗവ്യാപനവും മരണവും വലിയ അളവില്‍ നിയന്ത്രിക്കാന്‍ കേരളത്തിനു കഴിഞ്ഞു. 2020 ഒക്ടോബറായപ്പോള്‍ പ്രതിദിനം പതിനൊന്നായിരം കേസുകള്‍ വരെ ഉണ്ടായിരുന്നു. പിന്നീട് അത് രണ്ടായിരത്തിനു താഴെയായി. പ്രാദേശിക സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പു നടന്ന ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പതിനൊന്ന് ശതമാനമായിരുന്നു. 2021 മാര്‍ച്ച് ആയപ്പോള്‍ ടിപിആര്‍ മൂന്ന് ശതമാനത്തിലേയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ പൊടുന്നനെയാണ് രണ്ടാം തരംഗമുണ്ടായത്.
ടിപിആര്‍ ഇപ്പോള്‍ 20 ശതമാനവും അതിനു മുകളിലുമാണ്. പ്രതിദിനം കേസുകളുടെ എണ്ണം കല്‍ലക്ഷം കടന്നു.

അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരും.

രാത്രി 9 മണിമുതല്‍ പുലര്‍ച്ച
5 മണിവരെയുള്ള രാത്രികാല നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്. ഈ സമയങ്ങളില്‍ ഒരു തരത്തിലുള്ള ഒത്തുചേരലും പാടില്ല. എന്നാല്‍, അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ട്. രാത്രികാല നിയന്ത്രണവും നമുക്ക് തുടരേണ്ടിവരും.
കടകളും റസ്റ്റോറണ്ടുകളും രാത്രി 7.30 വരെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആ നിയന്ത്രണം തുടരേണ്ടിവരും. എന്നാല്‍, രാത്രി 9 മണിവരെ റസ്റ്റോറണ്ടുകളില്‍ ഭക്ഷണം പാഴ്സലായി നല്‍കാവുന്നതാണ്. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും.

അതിഥി തൊഴിലാളികള്‍ക്കു വേണ്ടി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവര്‍ ഇപ്പോഴുള്ള ജില്ലകളില്‍ തന്നെ തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.

വാക്സിന്‍റെ കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

വാക്സിനേഷന്‍റെ കാര്യത്തില്‍ മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇതിനകം 57.58 ലക്ഷം പേര്‍ക്ക് ഒരു ഡോസും, 10.39ലക്ഷം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. വാക്സിന്‍റെ ദൗര്‍ലഭ്യമാണ് നാം നേരിടുന്ന പ്രശ്നം. 50 ലക്ഷം ഡോസ് വാക്സിന്‍ അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് നാം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ല. വാക്സിന്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ചുകൊള്ളണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ആദിവാസി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വാക്സിന്‍ അവിടെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് വാക്സിന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിന്‍റെ പ്രായോഗികത സര്‍ക്കാര്‍ പരിശോധിക്കും. വാക്സിന്‍ കേന്ദ്രങ്ങളില്‍ വയോധികര്‍ക്ക് ഇപ്പോള്‍ തന്നെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

രക്ത ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് 18-45 പ്രായ പരിധിയിലുള്ളവര്‍ വാക്സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന – സന്നദ്ധ സംഘടനകളും ഈ ഘട്ടത്തില്‍ തയ്യാറാകണം.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും അവരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വളരെ അനുകൂലമായ പ്രതികരണമാണ് അവരില്‍ നിന്നുമുണ്ടായത്. എന്നാല്‍ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതി അതിനു ശേഷവും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിക്കും.

കോവിഡ് വ്യാപനത്തിന്‍റെ ഗൗരവം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കയും ഐസിയുവും വെന്‍റിലേറ്ററും ഓക്സിജനും മരുന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോള്‍ ഒന്നിനും ഒരു കുറവും വന്നിട്ടില്ല.

ജയിലുകളില്‍ കോവിഡ് പടരുന്നത് കണക്കിലെടുത്ത് പ്രത്യേകമായി പരോള്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും. എന്നാല്‍, എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.

ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതുകൊണ്ടാണ് ഫലം ലഭിക്കുന്നതില്‍ താമസം നേരിട്ടത്. ആ പ്രശ്നം പരിഹരിക്കും.
ഇഎസ്ഐ ആശുപത്രികളെകൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കും.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും ഉല്‍പാദന മേഖലയും നിര്‍മ്മാണ മേഖലയും സ്തംഭിക്കരുതെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഉല്‍പ്പാദനാധിഷ്ഠിതമായ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകണം. അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ മത്സ്യ ബന്ധനം, പാല്‍ ഉല്‍പ്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം, നിര്‍മാണ പ്രവര്‍ത്തനം എന്നിവയൊന്നും സ്തംഭിച്ചു പോകരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണം.

2,32,812 കോവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ രോഗവ്യാപനം ഉള്ള ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.
ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ ഇവിടേയും സംജാതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കുറയുകയുള്ളു. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ അതീതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടു വരാന്‍ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാല്‍ നമുക്ക് മരണങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനും കഴിയും. രോഗികളുടെ എണ്ണത്തിന്‍റെ വര്‍ദ്ധവിനു ആനുപാതികമായി മരണ സംഖ്യയും ഉയരും.

വീടുകള്‍ക്കുള്ളിലും, ഓഫീസുകളിലും, കടകളിലും, പൊതുനിരത്തിലും ഉള്‍പ്പെടെ ജീവിതത്തിന്‍റെ നാനാതുറകളിലും മുഴുവന്‍ സമയവും ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോള്‍ താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങള്‍ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതീതീവ്ര വ്യാപനങ്ങള്‍ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്, അതുകൊണ്ട്, രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണം.

കടകള്‍ നേരത്തേ അടയ്ക്കുന്നതും, രാത്രികാലങ്ങളിലെ യാത്ര ഉള്‍പ്പെടെയുള്ളവയിലെ നിയന്ത്രണങ്ങളും, വാരാന്ത്യങ്ങളില്‍ സ്വീകരിക്കുന്ന ലോക് ഡൗൺ സമാന നിയന്ത്രണവും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല എന്നു പറയുന്നതുമെല്ലാം ഏതെങ്കിലും വിധത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല എന്നു മനസ്സിലാക്കണം. സാഹചര്യത്തിന്‍റെ ഗൗരവം ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കൂടി വേണ്ടിയാണത്.

സാമൂഹ്യജാഗ്രതയുടെ നെടുനായകത്വം ഈ നാട്ടിലെ ജനങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാവശ്യമായ സാമൂഹ്യബോധമുള്ള ജനതയാണ് നമ്മള്‍. മുന്‍പ് നമ്മള്‍ തെളിയിച്ചതാണത്. സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞു സ്വയമേവ മുന്‍കൈ എടുക്കാന്‍ ഓരോ പൗരനും സാധിക്കണം.

കോവിഡ് നിയന്ത്രണാതീതമായി വളര്‍ന്ന മറ്റു സംസ്ഥാനങ്ങളില്‍ മ്യൂട്ടന്‍റ് വൈറസുകളുടെ വ്യാപനം ശക്തമായ സാഹചര്യത്തിലാണ് സ്ഥിതിഗതി ഗുരുതരമായത്. ഒരു തവണ രോഗം വന്നവര്‍ക്ക് വീണ്ടും വരുന്ന സാഹചര്യവും അവിടങ്ങളില്‍ ഉടലെടുത്തു.

സെറോ പ്രിവലന്‍സ് പഠന പ്രകാരം 50 മുതല്‍ 60 ശതമാനം വരെ ആളുകള്‍ക്ക് ഡല്‍ഹിയില്‍ രോഗം വന്നു പോയി. എന്നിട്ടും ഇത്തവണ ഇത്ര ശക്തമായ രീതിയില്‍ രോഗവ്യാപനം ഉണ്ടായിരിക്കുകയാണ്.
പരമാവധി ആളുകള്‍ക്ക് രോഗം വന്നു മാറിയാല്‍ ഈ മഹാമാരിയെ മറികടക്കാം എന്ന രീതിയില്‍ നടന്ന പ്രചരണങ്ങളെ നിരാകരിക്കുന്നതാണ് ഈ വസ്തുതകള്‍. അത്തരം വാദങ്ങള്‍ക്ക് ആരും ചെവികൊടുക്കരുത്.

ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിദ്ധ്യം ഡെല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളത്. വളരെ ശക്തമായ രോഗവ്യാപനം നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുന്‍പിലുള്ള വഴി.
രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്കിനു മുകളില്‍ മറ്റൊരു മാസ്ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ പല വാക്സിനേഷന്‍ സെന്‍ററുകളിലും ടെസ്റ്റിങ് സെന്‍ററുകളിലും തിരക്കനുഭവപ്പെടുന്നതായി കാണുന്നുണ്ട്. അത്തരത്തില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കിക്കൊണ്ട് വേണം ആ കേന്ദ്രങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ സഹായകമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ ആ സ്ഥാപനങ്ങളുടെ അധികാരികള്‍ കര്‍ശനമായി നടപ്പിലാക്കണം,
മാസ്ക് ധരിക്കുന്നതില്‍ മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. തട്ടുകട, ചായക്കട എന്നിവയ്ക്ക് മുന്നില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതായി കാണുന്നില്ല. അകലം പാലിക്കാതെ കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്. ജനത്തിരക്ക് കൂടുതലുള്ള വാക്സിന്‍ കേന്ദ്രങ്ങള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ചന്ത എന്നീ സ്ഥലങ്ങളില്‍ ഈ സംഘം മിന്നല്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും.

കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലീസ് സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനും ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കോവിഡ് രോഗികള്‍ കോവിഡ് സേഫ്റ്റി എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഈ സംവിധാനം ഏറെ പ്രയോജനപ്രദമായിരുന്നു. കോവിഡ് പോസിറ്റീവ് രോഗികള്‍ ഈ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഈ ആപ്പ് പൊലീസിന് സഹായകമാകും.

പഞ്ചായത്ത് തലത്തില്‍ നിലവിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ പ്രവര്‍ത്തനം
കൂടുതല്‍ ഫലവത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ടീമിന് നല്‍കുന്ന പൊലീസ് സഹായം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി സ്വീകരിക്കും.
ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ച് വേണം ജനങ്ങളുമായി ഇടപഴകാനെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സേനാംഗങ്ങള്‍ അസുഖബാധിതരായാല്‍ അത് എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ പൊലീസിന്‍റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് പൊലീസ് വെല്‍ഫെയര്‍ ഓഫീസര്‍ കൂടിയായ ബറ്റാലിയന്‍ വിഭാഗം എഡിജിപിയെ ചുമതലപ്പെടുത്തി.

കോവിഡ് അവലോകന യോഗത്തില്‍ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്‍കൂട്ടി കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചു.
പരമാവധി ആശുപത്രികളില്‍ ഓക്സിജന്‍ ബെഡുകള്‍ ഒരുക്കും.
പരമാവധി വെന്‍റിലേറ്ററുകള്‍ എത്തിക്കും. ഇതിനായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിക്കും.
പരമാവധി ബെഡ്ഡുകള്‍ ഒരുക്കും.

ആരോഗ്യവകുപ്പിനു കീഴിലുള്ള കെട്ടിടങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. താല്‍ക്കാലിക ജീവനക്കാരെ ഇവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിക്കും. സംസ്ഥാനതലത്തില്‍ ഇത് മോണിറ്റര്‍ ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളെ ഒന്നാം ഘട്ടത്തിലേതു പോലെ ഈ ഘട്ടത്തിലും സജ്ജമാക്കും. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ തദ്ദേശസ്ഥാപനങ്ങളില്‍ നിയമിക്കും.
കോവിഡ് പ്രതിരോധത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കും. എല്ലാം തദ്ദേശ സ്ഥാപനതലത്തില്‍ കൈകാര്യം ചെയ്യാനാവുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും.
എല്ലാ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലും ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടാകണം.

പിഎച്ച്സികളെ കൂടുതല്‍ ശക്തിപ്പെടുത്തും. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഹെല്‍പ്പ് ഡെസ്ക്ക് വേണം. കൗണ്‍സിലിങ്ങിനായി മറ്റൊരു ഹെല്‍പ്പ് ഡെസ്ക് കൂടി സജ്ജീകരിക്കും.
ടെലി മെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഇതിനായി ഉപയോഗിക്കാം.

ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ടീമിനെ തയ്യാറാക്കണം. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കാം. 50 ശതമാനം ഉദ്യോഗസ്ഥരെയും നിയോഗിക്കാം.
വളണ്ടിയര്‍മാരുടെ രണ്ട് സംഘങ്ങള്‍ ഉണ്ടാകണം. ഒന്ന്, അവശ്യ സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കാന്‍. രണ്ട്, കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ക്കായി.
50-60 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലാകണം. അധ്യാപകരെയും ഉപയോഗിക്കാനാകണം.

പ്രതിരോധം, ചികിത്സ, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായുള്ള ബന്ധം എന്നിവ ഉണ്ടാകണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള ഹെല്‍ത്ത് സിസ്റ്റത്തിന്‍റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കണം.

ഓരോ തദ്ദേശ സ്ഥാപനത്തിനും ഒരു മെഡിക്കല്‍ ടീം ഉണ്ടാകണം. ഗവണ്‍മെന്‍റ് ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ഡോക്ടര്‍മാരെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തണം. ഈ തീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാൻ നിര്‍ദേശം നൽകി.

മാസ്ക് ധരിക്കാത്തതിന് 15,011 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാത്തതിന് 5,862 കേസുകളും രജിസ്റ്റര്‍ ചെയ്തു. 46,53,789 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്.

ദുരിതാശ്വാസം

കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഫാ. ഡേവിസ് ചിറമേലിന്‍റെ നേത്യത്വത്തില്‍ വാക്സിന്‍ ഹണ്ട് എന്ന പേരില്‍ ധനം സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതായി അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സാം.കെ.ഡാനിയല്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് ചെക്ക് കൈമാറി.

നിയുക്ത എംപി ജോണ്‍ ബ്രിട്ടാസ് 1 ലക്ഷം രൂപ
ബിനോയി വിശ്വം എംപി 1 ലക്ഷം രൂപ
ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ 1 ലക്ഷം രൂപ
മുന്‍ കെപിസിസി പ്രസഡന്‍റ് വി എം സുധീരന്‍ 20,000 രൂപ
മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ 50,000 രൂപ
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തന്‍ 1 ലക്ഷം രൂപ
കേരള എന്‍ജിഒ യൂണിയന്‍ 25 ലക്ഷം രൂപ.
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 25 ലക്ഷം രൂപ
കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ 10 ലക്ഷം രൂപ
കേരള സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ 10 ലക്ഷം രൂപ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 10 ലക്ഷം രൂപ
കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി 10,50,000 രൂപ
അന്തരിച്ച കേരള കോണ്‍ഗ്രസ് (സ്കറിയ) നേതാവ് സ്കറിയ തോമസിന്‍റെ സ്മരണാര്‍ത്ഥം പാര്‍ട്ടിയും കുടുംബവും ചേര്‍ന്ന് 2,50,000 രൂപ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ 2,11,000 രൂപ
കെഎസ്ബിസി സ്റ്റാഫ് അസോസിയേഷന്‍ സിഐടിയു 1 ലക്ഷം രൂപ
ആരോഗ്യ സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ എ നളിനാക്ഷന്‍ 1 ലക്ഷം രൂപ
സൂര്യാ കൃഷ്ണമൂര്‍ത്തി ആദ്യ ഗഡുവായി 10,000 രൂപയും തന്‍റെ പുസ്തകം നൂറുങ്ങുവെട്ടയുടെ മുഴുവന്‍ വരുമാനവും കൈറമാറുമെന്ന് അറിയിച്ചു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗീത് മല്‍ഹാര്‍ തന്‍റെ സമ്പാദ്യക്കുടുക്കയിലെ 1,060 രൂപ
കോഴിക്കോട് ദേവഗിരി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ഷെറിന്‍ കെപി തന്‍റെ സ്കോളര്‍ഷിപ്പ് തുകയില്‍ നിന്നും 5000 രൂപ
പാലായിലെ പി.കെ മനോജിന്‍റെയും കനകമണിയുടെയും മകന്‍ നന്ദകിഷോര്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച ആറായിരം രൂപ
പാലായിലെ സി.വി സുരേശന്‍റെയും പ്രസീനയുടെയും മക്കളായ കീര്‍ത്തി സുരേഷും ശിവാനി സുരേഷുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ
202021 വര്‍ഷത്തെ കുട്ടികളുടെ പ്രസിഡന്‍റ് ആദര്‍ശ് എസ്.എം രണ്ടു വര്‍ഷമായി വിഷുക്കൈനീട്ടം കിട്ടിയ പണം സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനു വേണ്ടി സ്വരൂപിച്ചു വച്ചിരുന്ന 5200 രൂപ
ജെയിംസ് മാത്യു എംഎല്‍എയുടെ പി എ രാഗേഷിന്‍റെ മകന്‍ ശിവ്ജിത്ത് രാഗേഷ് തനിക്ക് കിട്ടിയ യു എസ് എസ് സ്കോളര്‍ഷിപ്പ് തുകയായ 3000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കർണാടകയിൽ നാളെ മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പരിഭ്രാന്തരായി ആളുകൾ യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എവിടെയാണ് ഉള്ളത് അവിടെ നിൽക്കുന്നതാണ് കരണീയം.

വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ അശ്വതി കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. അവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കോവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തിൽ വിപുലമായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ തയ്യാറായിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. പ്ലാസ്മാ ഡൊണേഷൻ ക്യാമ്പയിൻ, പ്രത്യേക രക്തദാനക്യാമ്പ്, കോവിഡ് പ്രതിരോധ സേനാ രൂപീകരണം ഇവയാണ് അവർ ഉദ്ദേശിക്കുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: