കോവിഡ് കാലത്ത് ഡിമാന്റ് വർധിച്ച് കരിംജീരകവിപണി
മട്ടാഞ്ചേരി: കോവിഡ് പിടിമുറുക്കിയതോടെ ‘കരിംജീരകം’ താര പദവിയിലേക്ക്. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ആയുർവേദ ഉത്പന്നമായി മാറുകയാണ് കരിംജീരകം. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ആവി കൊള്ളുന്നതിനും കവിൾക്കൊള്ളുന്നതിനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ കരിംജീരകത്തിന് വലിയ ഡിമാൻഡാണിപ്പോൾ. മിസോറം, അസം മേഖലകളിലും നേപ്പാളിലുമൊക്കെയാണ് കരിംജീരകംവ്യാപകമായി കൃഷിചെയ്യുന്നത്. രാജ്യത്ത് കോവിഡ് പടർന്നുപിടിച്ചതോടെ, ഒരു വർഷമായി ഇതിന് ആവശ്യക്കാരേറുന്നു. രാജ്യത്തെമ്പാടും കരിഞ്ചീരകം വലിയ രീതിയിൽ ഉപയോഗിക്കുകയാണിപ്പോൾ. കരിംജീരക കൃഷിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണിപ്പോൾ. ഒരൊറ്റ വർഷത്തിനിടയിൽ കരിംജീരകത്തിന്റെ മൊത്തവില തന്നെ ഇരട്ടിയായി. കോവിഡ്കാലം തുടങ്ങുന്നതിന് മുമ്പ് കിലോഗ്രാമിന് 100 മുതൽ 150 രൂപ വരെ മാത്രമായിരുന്നു വില. ആവശ്യം കുറവായതിനാൽ വല്ലപ്പോഴും മാത്രം മാർക്കറ്റിലേക്ക് എത്തുന്ന വസ്തു. ഇപ്പോൾ മൊത്തവില കിലോഗ്രാമിന് 275 മുതൽ 290 രൂപ വരെയാണ്. ചില്ലറവിപണിയിലെത്തുമ്പോൾ 350 മുതൽ 400 രൂപ വരെയാകുന്നു. ചില്ലറവിപണയിൽ തോന്നുന്ന പോലെ വില ഈടാക്കുന്നുമുണ്ട്. കൊച്ചിയാണ് കരിംജീരകത്തിന്റെ കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രം. മിസോറമിൽ നിന്ന് നേരിട്ടാണ് കൊച്ചിയിലേക്ക് ചരക്ക് എത്തുന്നത്. കൊൽക്കത്തയിൽ നിന്ന് സംസ്കരിച്ച കരിംജീരകവും കൊച്ചിയിലേക്ക് വരുന്നുണ്ട്. കർഷകരിൽ നിന്ന് നേരിട്ട് എടുക്കുമ്പോൾ അത് ശുദ്ധീകരിച്ചു കിട്ടില്ല. അതുകൊണ്ട് ശുദ്ധീകരിച്ച കരിംജീരകം തേടി കണ്ടെത്തുകയാണ് കച്ചവടക്കാർ. അതേസമയം, ഇക്കുറി കരിംജീരകകൃഷി മോശമാണ്. ലക്ഷ്യമിട്ടത്ര ഉത്പാദനം ഉണ്ടായിട്ടില്ലത്രെ. വടക്കേ ഇന്ത്യയിൽ നേരത്തെ തുടങ്ങിയ ലോക്ഡൗൺ പ്രശ്നങ്ങൾ ചരക്ക് എത്തിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. വില ഉയരാൻ ഇതും കാരണമാണെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.