കോട്ടയ്ക്കൽ: കോവിഡ് ഇളവുകൾ പ്രഖ്യാപിച്ച് നാടകാവതരണത്തിന് സർക്കാർ അനുമതി നൽകിയത് പ്രതീക്ഷയോടെ കാണുകയാണ് നാടക കലാകാരൻമാർ. സംസ്ഥാനത്ത് പതിനായിരത്തിൽ പരം നാടക കലാകാരൻമാരാണ് ഒന്നര വർഷമായി പ്രയാസമനുഭവിക്കുന്നത്.

ചെറുതും വലുതുമായി മുന്നൂറോളം നാടക സമിതികൾ സംസ്ഥാനത്തുണ്ട്. നടീ നടൻമാർക്കു പുറമെ ചമയം, രംഗപടം, വസ്ത്രാലങ്കാരം തുടങ്ങിയ മേഖലകളിലായി ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ കലാകാരൻമാർ ഒരു നാടകത്തിന്റെ പിറകിലുണ്ടാവും. കോവിഡ് സാഹചര്യത്തിൽ വേദികൾ നഷ്ടമായ ഇവരിൽ ഭൂരിഭാഗം പേരും മറ്റു ജോലികൾ അറിയാത്തവരാണ്. ക്ഷേത്രോത്സവങ്ങൾ ഇല്ലാതായതാണ് ഇവരെ കൂടുതൽ ബാധിച്ചത്. ഇത്തവണ ഉത്സവങ്ങൾ വിവിധയിടങ്ങളിൽ തുടങ്ങിയത് പ്രതീക്ഷയേകുന്നുണ്ട്.
അമച്വർ നാടക രംഗത്തും മൂവായിരത്തോളം കലാകാരൻമാരുണ്ട്. സ്കൂൾ കലോത്സവങ്ങൾ, കേരളോത്സവം, കലാസമിതികളുടെ വാർഷികങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് നാടകങ്ങൾ ഒരുക്കിയാണ് ഇവർ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. കോവിഡ് വന്നതോടെ ജീവിതം വഴിമുട്ടിയതിനാൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് പലരും മുന്നോട്ടു പോകുന്നത്. ചില കലാകാരൻമാരാകട്ടെ പാതയോരത്ത് തട്ടുകട നടത്തിയും മറ്റും ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നു.
വൈകിയാണെങ്കിലും നാടകാവതരണത്തിന് അനുമതി ലഭിച്ചത് സ്വാഗതാർഹമാണെന്ന് നാടക പ്രവർത്തകരുടെ കൂട്ടായ്മയായ “നാടക്” സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടയ്ക്കൽ മുരളി പറഞ്ഞു. റിഹേഴ്സലിന് നേരത്തേ അനുമതി നൽകണമായിരുന്നു. എങ്കിൽ മാത്രമേ നാടകം ഇപ്പോൾ രംഗത്ത് അവതരിപ്പിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.