കോട്ടയത്ത് കോൺഗ്രസ് ആറു സീറ്റിൽ മത്സരിക്കണമെന്ന ജില്ലാ കോൺഗ്രസ് നേതൃത്വം ജോസും കൂട്ടരും യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലയില്‍ ഒന്‍പതില്‍ ആറ് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ആവശ്യം ഉന്നയിച്ച് എഐസിസി നേതൃത്വത്തിന് നിവേദനം നല്‍കി. ജോസഫ് വിഭാഗത്തിന് അടിത്തറയില്ലാത്ത സീറ്റുകള്‍ പിടിച്ചെടുക്കണമെന്നാണ് ആവശ്യം. കേരള കോണ്‍ഗ്രസിന് ആറും കോണ്‍ഗ്രസിന് മൂന്നും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വരെ കോട്ടയം ജില്ലയില്‍ പിന്തുടര്‍ന്നിരുന്ന ഫോര്‍മുല പൊളിച്ചടുക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം. ജോസും കൂട്ടരും മുന്നണിവിട്ടതോടെ നേരത്തെ മത്സരിച്ചിരുന്ന മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസിന്‍റെ ശക്തി ക്ഷയിച്ചുവെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിനും യുഡിഎഫിനും ഈ മണ്ഡലങ്ങളില്‍ ശക്തമായ വേരോട്ടമുണ്ടെന്നും ഡിസിസി അവകാശപ്പെടുന്നു. ജില്ലയിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസയ്ക്കുമാണ് നിവേദനം നല്‍കിയത്. കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണമോ എന്നതു യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നാണ് എഐസിസിയുടെ നിലപാട്.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ ഉന്നം. ഈ സീറ്റുകളില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്. ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ അത്രയും വേണമെന്ന നിലപാടില്‍ ജോസഫും ഉറച്ചുനില്‍ക്കുകയാണ്. മാണി സി കാപ്പന്‍ ഇടത്മുന്നണി വിട്ടാല്‍ പാലായില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പി.ജെ. ജോസഫ് തയ്യാറായേക്കും. പക്ഷെ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ പിജെ വഴങ്ങുമോയെന്ന് കണ്ടറിയണം. വിജയസാധ്യത മാനദണ്ഡമാക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്നാണ് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം