കോട്ടയം ജില്ലയിൽ 7 സീറ്റുകൾ വിജയിക്കാവുന്ന സാഹചര്യമെന്ന് സി.പി.എം. വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടതുമുന്നണിക്കുള്ള ഏറ്റവും വലിയ വിജയമായിരിക്കും ഇക്കുറി ഉണ്ടാവുകയെന്നാണ് ബൂത്ത്തലങ്ങളിൽനിന്നുള്ള കണക്ക് സമാഹരിച്ച് പാർട്ടി കണക്കാക്കുന്നത്. പാലാ(16000), കടുത്തുരുത്തി(10000), പൂഞ്ഞാർ (10000), കാഞ്ഞിരപ്പള്ളി (15000), ചങ്ങനാശേരി(5000), വൈക്കം (20000), ഏറ്റുമാനൂർ(9000) എന്നിങ്ങനെയാണ് ഭൂരിപക്ഷം കിട്ടാവുന്നത്. കോട്ടയം, പുതുപ്പള്ളി എന്നിവയാണ് യു.ഡി.എഫിന് മേൽകൈയുള്ളത്ഇതിൽ കോട്ടയത്ത് നേരിയ വ്യത്യാസമേ ഉണ്ടാകൂവെന്നും നേരിയ തരംഗം പോലും വിജയം സമ്മാനിക്കുമെന്നും പാർട്ടി കരുതുന്നു. പുതുപ്പള്ളിയിൽ 5000, കോട്ടയം 3000 എന്നിങ്ങനെ പിന്നിലാണ്. ബൂത്ത് തല വിശകലനങ്ങളിൽ യു.ഡി.എഫ്. സ്വാധീനകേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ഇവിടെയെല്ലാം ഇടത് വോട്ടുകൾ വന്നിട്ടുണ്ട്. ഇടത് സ്വാധീനമേഖലകളിൽ മുഴുവൻ വോട്ടുകളും പെട്ടിയിലെത്തിച്ചു. ന്യൂനപക്ഷവോട്ടുകൾക്കൊപ്പം ഭൂരിപക്ഷവിഭാഗവും ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു. ശബരിമല ചർച്ച കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രചാരണവും ക്ഷേമപ്രവർത്തനങ്ങളും നേട്ടമായെന്നും അവർ കരുതുന്നു. എല്ലാ സീറ്റുകളും ജയിക്കുമെന്നാണ് സി.പി.എം. ഔദ്യോഗികമായി നൽകുന്ന വിശദീകരണം.