കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷനായുള്ള ഡ്രൈ റണ്‍ നടന്നു. ജില്ലയില്‍ 3 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തിയത്.
കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷനു മുന്‍പുള്ള ഡ്രൈ നടന്നു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. കുത്തിവയ്പ്പ് ഒഴികെ വാക്സിനേഷന്റെ എല്ലാ നടപടിക്രമങ്ങളും ആവിഷ്‌കരിച്ചു കൊണ്ടാണ് ഡ്രൈ റണ്‍ നടത്തിയത്. ഓരോ കേന്ദ്രത്തിലും ആരോഗ്യമേഖലയില്‍നിന്നുള്ള 25 പേര്‍ വീതം ആകെ 75 പേരാണ് സ്വീകര്‍ത്താക്കളായി ക്രമീകരിച്ചിരുന്നത്. ഇതില്‍ 13 ഡോക്ടര്‍മാരും 22 നഴ്സുമാരും 19 ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍മാരും 21 മറ്റു ജീവനക്കാരും ഉള്‍പ്പെടുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് മൂന്നു കേന്ദ്രങ്ങളിലും മേല്‍നോട്ടം വഹിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂം സംവിധാനത്തിന്റെ കാര്യക്ഷമതാ പരിശോധനയും ഡ്രൈ റണ്ണിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ എം അഞ്ജന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി എന്നിവര്‍ ഡ്രൈ റണ്‍ വിലയിരുത്താന്‍ എത്തിയിരുന്നു.
വാക്സിന്‍ വിതരണത്തിന് ഉപയോഗിക്കുന്ന കോവിന്‍(കോവിഡ് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക്) സോഫ്റ്റ് വെയര്‍ എത്രമാത്രം ഫലപ്രദമാണെന്ന വിലയിരുത്തല്‍ കൂടി ലക്ഷ്യമിട്ടാണ് ഡ്രൈ റണ്‍ നടത്തിയത്. വാക്സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്ട്രേഷന്‍, വാക്സിനേഷന് എത്തേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ അറിയിക്കല്‍, മരുന്ന് നല്‍കുന്നതിനു മുന്‍പ് വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം, കുത്തിവയ്പ്പ് നടത്തിയതിനു ശേഷം ദേശീയ തലം വരെയുള്ള തത്സമയ റിപ്പോര്‍ട്ട് സമര്‍പ്പണം, രണ്ടാമത്തെ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കല്‍ തുടങ്ങി എല്ലാ നടപടികളും കോവിന്‍ സോഫ്റ്റ് വെയര്‍ മുഖേനയാണ് നിര്‍വഹിക്കുന്നത്. റിപ്പോർട്ട് :K S സുരേഷ് ,ഫോട്ടോ സജി മാധവൻ

