കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ് കടത്തിയയാളെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
പാരിപ്പള്ളിയില്‍ ബസ് ഉപേക്ഷിച്ച സ്ഥലത്ത് നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കഴിഞ്ഞ രാത്രി കാണാതായ കെഎസ്ആർടിസി ബസ് കൊല്ലം പാരിപ്പള്ളിയിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് കാണാനില്ലെന്ന് അധികൃതർക്ക് മനസിലാകുന്നത്. പിന്നാലെ പോലീസിൽ പരാതി നൽകി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബസ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 9.30 ഓടെ സർവീസിംഗിന് ഗാരേജിൽ കയറ്റിയ വാഹനം പിന്നീട് 12.30 ഓടെ പുറത്തിറക്കിയതാണെന്ന് ജീവനക്കാർ പറയുന്നു. ഡിപ്പോയ്ക്ക് സമീപത്തെ മുൻസിപ്പൽ ഓഫീസിന് മുന്നിൽ റോഡ് വശത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. രാവിലെ ഡിപ്പോ അധികൃതർ ബസ് തെരഞ്ഞെങ്കിലും കണ്ടില്ല.
പിന്നീട് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവർമാർ ആരെങ്കിലും ബസ് മാറിക്കൊണ്ടുപോയി എന്ന് ഡിപ്പോ അധികൃതർ കരുതി. പുലർച്ചെ സർവീസ് തുടങ്ങിയ ബസിലെ ജീവനക്കാരെയെല്ലാം വിളിച്ച് തിരക്കിയെങ്കിലും ആര് ബസ് കൊണ്ടുപോയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് മോഷണം പോയെന്ന ബോധ്യം ഡിപ്പോ അധികൃതർക്ക് ഉണ്ടായത്.