കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
പ്രതിയായ ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന്‍ ഫോണിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തി.
ഇതോടെ സുരേന്ദ്രനിലേക്ക് അന്വേഷണം നീളുകയാണ്. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരും ധര്‍മരാജനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കോര്‍കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപി കുഴല്‍പ്പണകേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. പി.കെ കൃഷ്ണദാസും എം.ടി രമേശും അടക്കമുള്ള നേതാക്കളുടെ മൗനം അവസാനിപ്പിക്കാനും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ എല്ലാവരെയും രംഗത്തിറക്കാനുമുള്ള ശ്രമമായിരിക്കും യോഗത്തിലുണ്ടാവുക.