കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് നാളെ മുതല്‍ ആരംഭിക്കും. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കോവിഡ് ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാഡമി എസ്.എം.എസിലൂടെ നല്‍കിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്‍റിയര്‍മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഈ വര്‍ഷം മാത്രമാകും ഈ ക്രമീകരണം. അടുത്ത വര്‍ഷം മുതല്‍ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. പൊതു പരിപാടികളോ, ആള്‍ക്കൂട്ടം ഉണ്ടാവുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടാകില്ല.