അതിവേഗ റെയിൽ സംബന്ധിച്ചു സാമൂഹികമായും രാഷ്ട്രീയമായും കേരളം ചൂടോടെ ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്കു കത്തയച്ചു.
നാല് എംഎൽഎമാരുടെ ചോദ്യത്തിനുത്തരമായി സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലെ പൊരുത്തക്കേടിനെക്കുറിച്ചുള്ള ആശങ്കയാണ് കത്തിലൂടെ അദ്ദേഹം പങ്കുവച്ചത്.
ഇ.ശ്രീധരൻ
മുഖ്യമന്ത്രിക്ക്
അയച്ച കത്തിൽനിന്ന്
∙ റെയിൽവേ ബോർഡിന്റെ സാങ്കേതികാനുമതി ഈ പദ്ധതിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല, അലൈൻമെന്റ് സംബന്ധിച്ച് സതേൺ റെയിൽവേ ഇതിനകംതന്നെ തടസ്സവാദങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി പദ്ധതി രേഖയ്ക്കു ലഭിക്കാത്തിടത്തോളം കാലം ഭൂമി ഏറ്റെടുക്കൽ ശരിയായ നടപടിയല്ല. പക്ഷേ, സംസ്ഥാനം ഭൂമിയേറ്റെടുക്കൽ തുടങ്ങിയത് എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല.
മാത്രമല്ല, അലൈൻമെന്റ് ഇതുവരെ ഭൂമിയിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ റെയിൽപാത പോകുന്നതിന്റെ അതിരും അളവും എങ്ങനെയാണു തീരുമാനിക്കപ്പെടുക?
ഇനി അഥവാ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വേണ്ടിവന്നാൽ സാങ്കേതിക മാനദണ്ഡങ്ങളിലും അപ്പോൾ മാറ്റം വരില്ലേ. അപ്പോൾ ഭൂമി ഏറ്റെടുക്കുന്നതിലൊക്കെ ഇപ്പോൾ നടത്തുന്ന ചെലവേറിയ അധ്വാനം വെറുതേയാവില്ലേ?
∙ 2025ൽ പദ്ധതി പൂർത്തിയാകുമെന്നാണു കേരള സർക്കാർ പറയുന്നത്. ഇതു തികച്ചും പ്രാവർത്തികമാകുന്ന സംഗതിയല്ല. ഇത്തരം പദ്ധതികൾ പത്തോ പന്ത്രണ്ടോ വർഷം കൊണ്ടേ തീരൂ. പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യത്തിൽ.
∙ ഇപ്പോഴത്തെ സാഹചര്യത്തിലും സാങ്കേതിക പരിജ്ഞാനത്തിലും അനുഭവത്തിലും കെആർഡിസിഎൽ ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കാൻ ശേഷിയുള്ളവരാണെന്നു തോന്നുന്നില്ല. പദ്ധതി രേഖ സിസ്ട്ര എന്ന കമ്പനിയാണു ചെയ്തതെന്നറിയുന്നു. ഫ്രഞ്ച് വിദഗ്ധര്‍ ഇവരുടെ ടീമിലില്ല. അതുകൊണ്ടുതന്നെ പദ്ധതിരേഖയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടതായാണ് എനിക്കു തോന്നുന്നത്. ഈ പദ്ധതിരേഖയുണ്ടാക്കാൻ തന്നെ ഏകദേശം നാലു വർഷമെടുത്തു. അതാകട്ടെ ഇനിയും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുമില്ല. അപ്പോൾ എങ്ങനെയാണിവർ 2025ൽ പദ്ധതി പൂർത്തിയാക്കുക?
∙ ബാങ്കുകൾക്കു പോലും സ്വീകാര്യമായ രീതിയിൽ പിഴവുകളില്ലാത്ത രീതിയിൽ ഒരു ഡിപിആർ ഉണ്ടായാലേ പദ്ധതിക്കു വായ്‌പ പോലും കിട്ടൂ എന്നതു മറക്കരുത്.
∙ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയട്ടെ, കേന്ദ്ര അനുമതി ലഭിക്കാൻ ഇനിയും ഏകദേശം രണ്ടുവർഷമെങ്കിലും വേണ്ടിവരും. കൊച്ചി മെട്രോ ആറു വർഷത്തോളം കാത്തിരുന്നിട്ടാണ് ലഭിച്ചത്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ച ശേഷം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെ അനുമതി കിട്ടണം. പിന്നീട് അതു യൂണിയൻ കാബിനറ്റിന്റെ അനുമതിക്കായി പോകും. ആ അനുമതി ലഭിച്ച ശേഷമേ പദ്ധതിക്കു പൂർണാനുമതി ആകൂ. ഇതൊന്നുമില്ലാതെ കേരള സർക്കാർ സ്വന്തം നിലയിൽ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോയാൽ വായ്പ പോലും ലഭിക്കാൻ സാധ്യത കുറവാണെന്ന കാര്യം മറക്കരുത്.
∙ എല്ലാറ്റിലും ഉപരി റെയിൽവേ ഒരു കേന്ദ്രാധികാര മേഖലയാണ്. സംസ്ഥാന സർക്കാരുകൾക്കു സ്വന്തമായി യാത്രാറെയിൽ പദ്ധതി നടപ്പാക്കാനാവില്ല. അതു മറികടന്നു സംസ്ഥാനം സ്വന്തം നിലയ്ക്കു ചെയ്യാനിറങ്ങിയാൽ ആ പദ്ധതിക്കു റെയിൽവേ സേഫ്റ്റി കമ്മിഷണർ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കണം. നിലവിൽ അതിനുള്ള സാധ്യത തീരെയില്ല.
∙ എല്ലാറ്റിലും ഉപരി സംസ്ഥാനം അതികഠിനമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണിപ്പോൾ. വലിയ സാമ്പത്തികച്ചെലവ് വരുന്ന കെ.റെയിൽ പോലൊരു പദ്ധതി ഇപ്പോൾ തന്നെ തുടങ്ങണമെന്നു വാശിപിടിക്കുന്നതിലെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മാത്രമല്ല, ചരക്കു ഗതാഗതം ഒരുതരത്തിലും അതിവേഗ റെയിലിൽ പ്രായോഗികമല്ല. അഥവാ അതിനുള്ള ആലോചന ഉണ്ടായാലും സുരക്ഷാനുമതി ലഭിക്കുക ഒട്ടും എളുപ്പമല്ല.
∙ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലുള്ള അതിവേഗ റെയിൽവേ കേരളത്തിനു യോജിച്ചതല്ല എന്നു താങ്കൾ സഭയിൽ പ്രഖ്യാപിച്ചതു വസ്തുതയ്ക്കു നിരക്കുന്നതല്ലെന്ന് ആദ്യമേ അറിയിക്കട്ടെ. അതിവേഗ റെയിലിനായി നിർദേശിച്ച അതേ സ്റ്റേഷനുകളാണു സെമി ഹൈസ്പീഡ് റെയിൽവേ സ്റ്റേഷനുകളായും നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഓരോ സ്റ്റേഷനുകളും 40–60 കിലോമീറ്ററുകളുടെ അകലവുമുണ്ട്.
ഓരോ സ്റ്റേഷനുകൾക്കുമിടയിൽ ഹൈസ്പീഡ് ട്രെയിനുകൾ മാക്സിമം വേഗത്തിലാകാൻ 12 കിലോമീറ്ററും വേഗം കുറച്ചു ബ്രേക്ക് ചെയ്യാൻ നാലര കിലോമീറ്ററും എടുക്കുമെന്നു താങ്കൾ മനസ്സിലാക്കുമല്ലോ. അതായത് ഹൈസ്പീഡ് റെയിലിനായി നിർദേശിച്ച അതേ പാരാമീറ്റർ തന്നെയാണ് സെമിഹൈസ്പീഡിലും ഉദ്യോഗസ്ഥർ ഉപയോഗിച്ചതെന്നു മനസ്സിലാക്കുമല്ലോ. ഇത്തരം സാങ്കേതികകാര്യങ്ങളൊന്നും അറിയിക്കാതെ താങ്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നു വേണം അനുമാനിക്കാൻ.
∙ മറ്റൊന്നു താങ്കൾ സഭയിൽ പറഞ്ഞത് അതിവേഗ റെയിൽവേ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ട പദ്ധതിയായിരുന്നുവെന്നാണ്. അതു തെറ്റാണ്. മുഖ്യമന്ത്രി അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ആദ്യമായി അതിവേഗ റെയിൽ പദ്ധതി ആലോചിക്കുന്നത്. 2010 സെപ്റ്റംബറിൽ മന്ത്രിയായിരുന്ന എളമരം കരീമാണ് ഡിഎംആർസിയുമായി ഇക്കാര്യം ചർച്ച ചെയ്തത്.
∙ കെആർഡിസിഎൽ ഉദ്യോഗസ്ഥർ കൃത്യമായി വസ്തുതകൾ താങ്കളെ കൃത്യമായി അറിയിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. പലതും കൃത്യമായ പഠനം നടത്താതെ താങ്കളെ തെറ്റിദ്ധരിപ്പിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
∙ കേരളത്തിന് അതിവേഗ റെയിൽവേ വേണമെന്ന താൽപര്യക്കാരനാണു ഞാൻ. ദീർഘകാലത്തേക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയായിവേണം ഇതിനെ കാണാൻ.
സെമി ഹൈസ്പീഡ് അല്ല, ഹൈസ്പീഡ് റെയിൽവേ തന്നെയാണു നമുക്കു വേണ്ടതെന്നാണ് ഇപ്പോഴും ഞാൻ പറയുന്നത്. ഒരു പൗരനെന്ന നിലയിൽ ഈ കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപെടുത്തേണ്ട ഉത്തരവാദിത്തം എനിക്കുണ്ടെന്ന ചിന്തയിലാണ് ഞാൻ ഈ കത്തെഴുതുന്നത്.
ഇങ്ങനെ പറഞ്ഞാണു മുഖ്യമന്ത്രിക്കുള്ള കത്ത് ഇ.ശ്രീധരൻ ഉപസംഹരിക്കുന്നത്. തുടക്കം മുതൽ ഇ.ശ്രീധരനെ ഒരു കാര്യത്തിലും അടുപ്പിക്കരുതെന്ന നിലപാട് കേരള സർക്കാരിനുണ്ടായിരുന്നുവെന്ന് അദ്ദേഹം മുൻപും സൂചിപ്പിച്ചിട്ടുള്ളതാണ്. ഡിഎംആർസി പദ്ധതിരേഖ പ്രകാരം 6000 ആളുകളെ മാത്രം ബാധിക്കുമായിരുന്ന ഈ പദ്ധതി ഇപ്പോൾ ഏകദേശം 25,000 പേരെയെങ്കിലും ബാധിച്ചേക്കുമെന്നതാണു സ്ഥിതി. ലോകത്തെവിടെയും റോ–റോ (Roll On Roll Off service) പദ്ധതി പ്രകാരം ഹൈസ്പീഡ് റെയിൽ നടന്നിട്ടേയില്ല. ഗുഡ്സ് ട്രെയിനുകളുടെ ആവറേജ് സ്പീഡ് 25 കിലോമീറ്റർ ആണ്. മാക്സിമം സ്പീഡ് 75 കിലോമീറ്ററും. അപ്പോൾ ഇതൊക്കെ എങ്ങനെ 200–300 കിലമീറ്റർ വേഗത്തിലുള്ള ഹൈസ്പീഡ് ട്രാക്കിൽ പ്രായോഗികമാക്കുക എന്നു വ്യക്തവുമല്ല.