കേരളാ കോൺഗ്രസ് (പി.ജെ ജോസഫ്) വിഭാഗം കടുത്തുരുത്തി ടൗണിൽ കിസാൻ ട്രാക്ടർ റാലിയും, കർഷക പ്രക്ഷോഭ സമ്മേളനവും നടത്തി.
കടുത്തുരുത്തി: കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ട്
കേരളാ കോൺഗ്രസ് (പി.ജെ ജോസഫ്) വിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി കടുത്തുരുത്തി ടൗണിൽ കിസാൻ ട്രാക്ടർ റാലിയും, കർഷക പ്രക്ഷോഭ സമ്മേളനവും നടത്തപ്പെട്ടു.
ട്രാക്ടറിന്റെ അകമ്പടിയോടെ നൂറ് കണക്കിന് കൃഷിക്കാരും, വനിതകളും ഉൾപ്പെടെ പങ്കെടുത്ത് കൊണ്ട് നടത്തിയ കിസാൻ ട്രാക്ടർ റാലി ഡൽഹിയിൽ നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കടുത്തുരുത്തി ഓപ്പൺ സ്റ്റേജിൽ നടന്ന കർഷക സമ്മേളനം കേരളാ കോൺഗ്രസ് ( ജോസഫ്) വിഭാഗം പാർലമെന്ററി പാർട്ടി സെക്രട്ടറി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൃഷിക്കാർക്ക് സംരക്ഷണം നൽകുന്നതിന് ഉപകരിച്ചിരുന്ന മിനിമം സപ്പോർട്ട് പ്രൈസ് സംവിധാനം എടുത്ത് കളയുന്നത് ഉൾപ്പെടെയുള്ള കർഷക ദ്രോഹ നടപടികൾക്ക് ഇടവരുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പിൻവലിക്കാതിരിക്കുന്നത് രാജ്യത്തെ കൃഷിക്കാരോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്ന് മോൻസ് ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി.
കേരളത്തിലെ കൃഷിക്കാരെ സഹായിക്കാൻ റബ്ബർ വില സ്ഥിരതാ ഫണ്ട് 250 രൂപയായി വർദ്ധിപ്പിക്കണമെന്നുള്ള ആവശ്യം പരിഗണിക്കാതിരുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. കൃഷിക്കാർക്ക് വേണ്ടി എൽ.ഡി.എഫ് പ്രഖ്യാപിച്ച എല്ലാ പാക്കേജുകളും, വാഗ്ദാന ലംഘനത്തിന്റെ പട്ടികയിലേക്ക് പോയത് കർഷകരോട് സർക്കാരിന് ഉണ്ടായിരുന്ന ആത്മാർത്ഥത ഇല്ലായ്മ കൊണ്ടാണ്. തെറ്റായ ഈ നിലപാട് തിരുത്തുന്നതിനും കർഷക ജനതയ്ക്ക് പരിപൂർണ്ണ സംരക്ഷണം നൽകാനും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിലൂടെ പുത്തൻ കർമ്മ പരിപാടികൾക്ക് രൂപം നൽകുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. പൈനാപ്പിൾ കൃഷിക്കാർക്കും, നെൽ കർഷകർക്കും, പച്ചക്കറി കൃഷി ചെയ്യുന്നവർക്കും സാമ്പത്തിക നേട്ടം ഉണ്ടാകുന്ന വിധത്തിൽ യു.ഡി.എഫ് സർക്കാർ നയ രൂപീകരണം നടത്തുമെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി ആവിഷ്കരിച്ച “വിഷൻ -2020” കർമ്മ പരിപാടി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതായി മോൻസ് ജോസഫ് പ്രസ്താവിച്ചു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനും, ഭാവിയിലേക്കുള്ള ജനകീയ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും വികസന സമ്മേളനം വിളിച്ച് ചേർക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമതി അഗം ഇ.ജെ അഗസ്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, സംസ്ഥാന നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, മേരി സെബാസ്റ്റ്യൻ, തോമസ് കണ്ണംന്തറ, സ്റ്റീഫൻ പാറാവേലി, ജോസ് പാറേക്കാട്, പ്രൊഫ: മേഴ്സി ജോൺ മൂലക്കാട്ട്, ജോൺ നിലം പറമ്പിൽ, സി.എം ജോർജ്, ബേബി മണ്ണഞ്ചേരിയിൽ, ജെയിംസ് തത്തംങ്കുളം, ഷിജു പാറയിടുക്കിൽ, ജോയിസി കാപ്പൻ, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ടിംസ് പോൾ എന്നിവർ പ്രസംഗിച്ചു.
കേരളാ കോൺഗ്രസ് നേതാക്കളായ തോമസ് മുണ്ടുവേലി, സാബു കൂവക്കാട്ടിൽ, തോമസ് മാളിയേക്കൽ, ബോബൻ മഞ്ഞളാംമലയിൽ, സൈമൺ ഒറ്റത്തങ്ങാടി, ജോർജ് കൊറ്റംകൊമ്പിൽ , ജോയി ഇടത്തിനാൽ, എ.ജെ സാബു, ഷിജു പോതമാക്കിൽ, ജോണിച്ചൻ പൂമരം ത്തേൽ, ദീപു തേക്കുംകാട്ടിൽ, സനോജ് മിറ്റത്താനി, ജി. അരുൺ, റോയി ചാണകപ്പാറ, ലിസി ജോസ്, ജാൻസി തോമസ്, കുഞ്ഞുമോൻ ഒഴുകയിൽ , സിബി ചിറ്റക്കാട്ട് എന്നിവർ കിസാൻ ട്രാക്ടർ റാലിക്കും, കർഷക സമ്മേളനത്തിനും നേതൃത്യം നൽകി