തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച വാർത്താ ചാനലുകളുടെ സർവേ ഫലങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തെരഞ്ഞെടുപ്പ് വരുമ്പോൾ കാണാമെന്നും കോൺഗ്രസിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുറത്തുവന്ന ഏഷ്യാനെറ്റ് സി ഫോർ സർവേ, 24 ന്യൂസ്-കേരള പോൾ ട്രാക്കർ സർവേ ഫലങ്ങളിലാണ് നേരിയ മുൻതൂക്കത്തോടെ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് സി ഫോർ സർവേയിൽ 72-78 സീറ്റുകളും 41 ശതമാനം വോട്ടുമായി എൽഡിഎഫ് മുന്നിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 59-65 സീറ്റുകളും 39 ശതമാനം വോട്ടുകളും എൻഡിഎയ്ക്ക് 3-7 സീറ്റുകളും 18 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സർവേ ഫലം.
തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും എൽഡിഎഫിന് മേൽക്കൈ പ്രവചിക്കുന്ന സർവേയിൽ മധ്യകേരളം യുഡിഎഫ് പിടിക്കുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 39 ശതമാനം പേരും പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണെന്നും സർവേ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻചാണ്ടിക്കു 18 ശതമാനവും ശശി തരൂരിന് ഒൻപതു ശതമാനവും രമേശ് ചെന്നിത്തല, കെ.കെ ശൈലജ, കെ. സുരേന്ദ്രൻ എന്നിവർക്ക് ആറു ശതമാനവും പിന്തുണ ലഭിച്ചു.
24 ന്യൂസ് പുറത്തുവിട്ട കേരള പോൾട്രാക്കർ സർവേ ഫലത്തിൽ എൽഡിഎഫിന് 68 മുതൽ 78 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.
യുഡിഎഫിന് 62-72 ഉം എൻഡിഎയ്ക്ക് 1-2 സീറ്റുകളുമാണ് പ്രവചിച്ചിട്ടുള്ളത്. എൽഡിഎഫിന് 42.38 ശതമാനവും യുഡിഎഫിന് 40.72 ശതമാനവും എൻഡിഎയ്ക്ക് 16.9 ശതമാനവും വോട്ടു ലഭിക്കുമെന്നാണ് സർവേ പറയുന്നത്.
മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 30 ശതമാനം പേരും പിണറായി വിജയൻ എന്നാണ് ഉത്തരം നൽകിയതെന്നും ഉമ്മൻചാണ്ടിയെ 22 ശതമാനം പേരും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരും കെ.കെ. ശൈലജയെ 11 ശതമാനം പേരും കെ. സുരേന്ദ്രനെ ഒൻപത് ശതമാനം പേരും പിന്തുണച്ചതായും സർവേ ഫലത്തിൽ പറയുന്നു.