റിപ്പോർട്ട്: നിരഞ്ജൻ അഭി .
തിരുവനന്തപുരം : സംസ്ഥാനത്തു ഇനി വീടു പണിയുവാൻ മുൻകൂർ അനുമതി ആവശ്യമില്ലന്ന് സർക്കാർ വ്യക്തമാക്കി.. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കെട്ടിട നിർമാണ അനുമതി വേഗത്തിലേക്കുവാൻ പഞ്ചായത്ത് -മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.
സ്ഥലം ഉടമയുടെയും പ്ലാൻ തയ്യാറാക്കി നൽകുന്ന ആർക്കിടെക്റ്റ്,എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ,ടൌൺ പ്ലാനർ എന്നിവർ ആരുടെയേലും സാക്ഷ്യപത്രത്തിന്മേൽ വീട് പണി ആരംഭിക്കാൻ കഴിയുന്ന രീതിയിലാണ് നിയമ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നത്.
പ്ലാൻ ലഭിച്ചു കഴിഞ്ഞാൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി അഞ്ചു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ കൈപ്പറ്റി സാക്ഷ്യപത്രം നൽകണം. ഈ രേഖ കെട്ടിട നിർമാണ അനുമതിയായും കണക്കാക്കുന്ന വ്യവസ്ഥകൾ ആണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമാണെന്ന് കെട്ടിട ഉടമയും പ്ലാൻ വരയ്ക്കുന്ന ലൈസൻസിയും സംയുക്തമായാണ് സാക്ഷ്യപത്രം നൽകേണ്ടത്.
നിരഞ്ജൻ അഭി
