കോവിഡ്: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ
കേരളത്തിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിയണം.
തമിഴ്‌നാടും, പശ്ചിമബംഗാളുമാണ് പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനാൽ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് തമിഴ്‌നാടും നിയന്ത്രണം കർക്കശമാക്കുന്നത്.
ഒരാഴ്ചക്കാലം സ്വയം നിരീക്ഷണവിധേയമാക്കണം. ഈ കാലയളവിൽ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ ഉണ്ടായാൽ ഉടൻ ആശുപത്രികളിൽ പരിശോധന നടത്തണം.
വിമാനത്താവളങ്ങളിൽ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. നെഗറ്റീവായാൽ മാത്രമെ വിമാനത്താവളത്തിൽനിന്ന് പുറത്തുപോകാൻ കഴിയൂ. അല്ലാത്തവരെ ചികിൽസാ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രത്യേക സാഹചര്യത്തിൽ തമിഴ്നാടതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ഊർജിതപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലെത്തുന്നവരും ഇ-പാസും കോവിഡ് നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റും ചെക്പോസ്റ്റുകളിൽ ഹാജരാക്കണം. ഇതറിയാതെ വാഹനങ്ങളിലെത്തുന്ന നിരവധി പേർ നീലഗിരി ജില്ലാതിർത്തികളിൽനിന്ന് മടങ്ങുന്നുണ്ട്.
പശ്ചിമ ബംഗാൾ കേരളമടക്കം നാല് സംസ്ഥാനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ബംഗാളിലെത്തുന്നവർ കോവിഡ് നെഗറ്റീവ് ആർടി-പിസിആർ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിർദേശം.