കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും.
ഏപ്രിൽ 20നകം നാമനിർദ്ദേശപത്രിക സമർപ്പിക്കണം. സൂക്ഷ്മപരിശോധന ഏപ്രിൽ 21ന് നടക്കും. ഏപ്രിൽ 23 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം.
തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേതുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചത്.
ഏപ്രിൽ 30ന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. അന്ന് തന്നെ വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശം. അവരാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി വിധിച്ചിരുന്നു.