കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്.
എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങള്‍ തല്‍ക്കാലം ഒഴിച്ചിടും.
കഴക്കൂട്ടത്ത് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടാകും എന്ന സൂചനയും ബിജെപി നേതാക്കള്‍ നല്‍കുന്നുണ്ട്.
കെ സുരേന്ദ്രന്‍റെ പേര് മഞ്ചേശ്വരത്താണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോന്നിയിലും സുരേന്ദ്രന്‍ മത്സരിക്കണോ എന്നതില്‍ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും.
സുരേഷ് ഗോപി തൃശൂരിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും സ്ഥാനാര്‍ത്ഥിയാകും.
115 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
എല്ലാ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് അറിഞ്ഞ ശേഷമേ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.