കെ.എസ്.ആർ.ടി.സിയുടെ ഭരണം, അക്കൗണ്ട്സ് സംബന്ധമായ നടപടികൾ കാര്യക്ഷമമാകുന്നതിന് വേണ്ടി ആരംഭിക്കുന്ന 15 ജില്ലാ ഓഫീസുകളിൽ 11 എണ്ണത്തിന്റെ പ്രവർത്തണം ജൂലൈ 18 മുതൽ ആരംഭിക്കും. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ജൂൺ ഒന്നു മുതൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു.
കെ.എസ്.ആർ.ടി.സിക്ക് ഇത് വരെ 98 ഡിപ്പോ/ വർക്ക്ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നത്. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ചിലവ് കുറയ്ക്കുകയും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയിത് 15 ഓഫീസുകളായി ചുരുക്കാൻ തീരുമാനിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവർത്തിക്കുന്നതാണ്. എന്നാൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജില്ലാ ആസ്ഥാനത്തുള്ള കെട്ടിടങ്ങളിൽ ജില്ലാ ഓഫീസ് പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കൊട്ടാരക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, ആലുവ എന്നിവടങ്ങളിലാണ് താൽക്കാലിക ഓഫീസ് ആരംഭിക്കുന്നത്. ഇവിടങ്ങളിൽ ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഈ ഓഫീസുകൾ മാറ്റുകയും ചെയ്യും.
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ പൈനാവിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലാ ഓഫീസ് തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ കോപ്ലക്സിൽ ആരംഭിക്കുകയും ചെയ്യും.