ജീവനക്കാർ വലിയ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണങ്ങളുന്നയിച്ച കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ സിപിഐടിയു നേതാവ് എളമരം കരീം എംപി.
കെഎസ്ആർടിസിയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം പറഞ്ഞു.
തൊഴിലാളികൾ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് മാനേജ്മെന്റാണ്. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്മെന്റാണ്. കൃത്യവിലോപം കാണിക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതും മാനേജ്മെന്റാണ്. ഉത്തരവാദിത്തം നിർവഹിക്കാതെ മാനേജ്മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണ് എന്നദ്ദേഹം പറഞ്ഞു