കൊച്ചി: കാക്കനാട് കൂട്ടബലാത്സംഗക്കേസിൽ ഒരാൾ അറസ്റ്റിൽ. കേസിലെ മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ യുവതിയുടെ രഹസ്യമൊഴി കളമശ്ശേരി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഈ മാസം ഒന്നിനാണ് പ്രതികൾ ലഹരി മരുന്ന് നൽകി യുവതിയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയത്.
കൊച്ചി സ്വദേശി സലീമാണ് കേസിൽ അറസ്റ്റിലായത്. കൊച്ചി കാക്കനാട് സ്വദേശികളായ അജ്മൽ, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ.
മലപ്പുറം സ്വദേശിയായ 27കാരി ഫോട്ടോഷൂട്ടിനായാണ് കൊച്ചിയിലെത്തിയത്. കേസിലെ ഒന്നാം പ്രതി അജ്മലിന്‍റെ സുഹൃത്താണ് യുവതി. ഈ പരിചയം മുതലെടുത്ത് അജ്മൽ യുവതിയെ കഴിഞ്ഞ ഒന്നാം തീയതി രാത്രി കാക്കനാട്ടെ ക്രിസ്റ്റീന റസിഡൻസി ലോഡ്ജിൽ എത്തിച്ചു. തുടർന്ന് മുറിയിൽ പൂട്ടിയിട്ട് ലഹരി മരുന്ന് നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നു.
ആദ്യം അജ്മലും പിന്നീട് അറസ്റ്റിലായ രണ്ടാം പ്രതി സലീമും യുവതിയെ പീഡിപ്പിച്ചു. പിറ്റേന്ന് മൂന്നാം പ്രതി ഷമീറും ഇവർക്കൊപ്പം ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇവർക്ക് ഇതിനുള്ള ഒത്താശയെല്ലാം ചെയ്തത് ലോഡ്ജ് ഉടമയായ നാലാം പ്രതി ക്രിസ്റ്റീനയാണെന്നും പൊലീസ് അറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
റോഡപകടത്തിൽ മോഡലുകളുടെ മരണത്തിന് ശേഷം കൊച്ചിയിൽ നിന്ന് വരുന്ന മറ്റൊരു ക്രൂര കുറ്റ കൃത്യത്തിന്റെ വാർത്തയാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. തുടക്കത്തിൽ അപകട മരണമെന്ന് കരുതിയ മോഡലുകളുടെ മരണത്തിന് പിന്നിൽ സൈജു തങ്കച്ചന്റെ നിർണായക പങ്ക് പുറത്തു വന്നിരുന്നു. ഇയാളുടെ ലഹരി മരുന്ന് ബന്ധമടക്കം പുറത്തു വന്നതിന് പിന്നാലെയാണ് കൊച്ചിയിൽ വീണ്ടും ലഹരി മരുന്ന് കൊടുത്ത് സ്ത്രീയെ രണ്ട് ദിവസം തുടർച്ചയായി പീഡിപ്പിച്ചെന്ന ഗുരുതരമായ കുറ്റകൃത്യം കൂടി പുറത്തുവരുന്നത്.