അടിമുടി മാറ്റത്തിനൊരുങ്ങി ബവ്റിജസ് കോര്‍പറേഷന്‍, നിലവിലെ ഔട്്ലെറ്റുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കും. പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും ചില്ലുകുപ്പികളിലേക്ക് മാറുന്നതിനു പുറമേ ഒന്നര ലീറ്ററിന്‍റേയും, രണ്ടര ലീറ്ററിന്‍റേയും മദ്യം വിപണിയിലെത്തിക്കാനും തയാറെടുപ്പ്.
ബവ് ക്യൂ ആപിലെ ടോക്കണിലൂടെ മദ്യവില്‍പന നിര്‍ത്തിയതോടെ ഔട്്ലെറ്റുകള്‍ക്കു മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ എന്ന ആശയത്തിലേക്ക് ബവ്കോ മാറുന്നത്. പ്രീമിയം കൗണ്ടറുകള്‍ക്ക് സ്ഥലം കിട്ടുന്ന മുറയ്ക്ക് ഇതിനടുത്തുള്ള ഔട്്ലെറ്റുകള്‍ നിര്‍ത്തലാക്കും. ഇതിനു പുറമേയാണ് ഒന്നര ലീറ്ററിന്‍റേയും രണ്ടര ലീറ്ററിന്‍റേയും മദ്യം വിപണിയിലെത്തിക്കുന്നത് . വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്നത് ഒഴിവാക്കാനാകുമെന്നുമാണ് ബവ്കോ വിലയിരുത്തല്‍.
ഇതോടൊപ്പം ഘട്ടം ഘട്ടമായി മദ്യം വില്‍ക്കുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും ചില്ലുകുപ്പികളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയ്ക്ക് ഫെബ്രുവരി ഒന്നു മുതല്‍ വിതരണത്തിലെത്തുന്ന 750 മില്ലി ലീറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. മദ്യത്തിന്‍റെ അടിസ്ഥാനവിലയില്‍ ഏഴു ശതമാനം വര്‍ധന നടപ്പാക്കിയതോടെയുള്ള വില വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും. അന്നുമുതല്‍ തന്നെ വലിയ ബോട്ടിലുകളില്‍ മദ്യം എത്തിക്കാനാണ് ശ്രമം.