തൃശൂർ കുതിരാനിലെ തുരങ്കപാതയിൽ നിർമാണത്തിനിടെ പാറ ഇടിഞ്ഞുവീണു.
തുരങ്ക മുഖത്തെ മണ്ണ് നീക്കം ചെയ്യുമ്പോഴാണ് പാറ താഴേയ്ക്ക് പതിച്ച് അപകടമുണ്ടായത്. ഒരു തുരങ്കത്തിന്‍റെ ഇരുമ്പ് പാളികൾ വച്ച് കോൺക്രീറ്റ് ചെയ്ത ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. തുരങ്കത്തിനകത്ത് വെളിച്ചമെത്തിക്കാൻ സ്ഥാപിച്ച ലൈറ്റുകൾക്കും വയറുകൾക്കും കേട് പറ്റിയിട്ടുമുണ്ട്.
മാർച്ചിന് മുൻപ് തുരങ്കം തുറക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണ് മാന്തി യന്ത്രം തട്ടി പാറക്കല്ല് താഴേക്ക് 100 മീറ്റർ താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം തൊഴിലാളികൾ ജോലി ചെയ്തിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുരങ്കത്തിൽ വലിയ ദ്വാരമാണ് ഉണ്ടായത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പാറ പൊട്ടിക്കുന്നതിൽ നേരത്തെ തന്നെ പ്രദേശവാസികൾ ആശങ്ക അറിയിച്ചിരുന്നു. മാത്രമല്ല, പണി നടക്കുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ, യാത്രക്കാർക്ക് തുറന്ന് കൊടുത്താൽ എന്താകും അവസ്ഥയെന്ന് നാട്ടുകാരും പൊതുജനങ്ങളും ചോദിക്കുന്നു.
നേരത്തെയും തുരങ്കമുഖത്ത് മലയിടിഞ്ഞ് വീണ് അപകടം നടന്നിട്ടുണ്ട്.കരാർ കമ്പനിയായ പ്രഗതിയാണ് നേരത്തെ തുരങ്ക നിർമ്മാണം നടത്തിയിരുന്നത്. പിന്നീട് കെഎംസി തന്നെ നേരിട്ട് നിർമ്മാണം ഏറ്റെടുത്തു. പണി നടക്കുന്നതിനിടെ അറിയാതെ പാറ വന്ന് വീണതാവാമെന്നും കേട് വന്ന ഭാഗം വീണ്ടും കോൺക്രീറ്റ് ചെയ്യുമെന്നും കെഎംസി അധികൃതർ വ്യക്തമാക്കി. എന്നാൽ കൂടുതൽ സുരക്ഷ ഒരുക്കി മാത്രമേ നിർമ്മാണം തുടരാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം.