കിഫ്ബി വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നത് തടയാൻ വരുന്ന ഒരു ശക്തിക്കു മുന്നിലും വഴങ്ങുന്ന പാരമ്പര്യം തങ്ങൾക്കില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മാതൃകാപെരുമാറ്റച്ചട്ടം നിലനിൽക്കെ അതിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്.
കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ മുതിർന്ന നേതാവായ ധനമന്ത്രി കേരളത്തിൽവന്ന് സംസ്ഥാനത്തിന്റെ വികസനത്തിന് മുൻകൈ എടുക്കുന്ന കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. പ്രസംഗം ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്ന് മനസിലായതുകൊണ്ടാവാം തന്റെ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇ.ഡിയെക്കൊണ്ട് സംസ്ഥാന സർക്കാരിനെ ആക്രമിക്കാനുള്ള ശ്രമം തുടങ്ങിയത് എന്നും അദ്ദേഹം ആരോപിച്ചു