കാല്പന്തു മൈതാനങ്ങളെ ത്രസിപ്പിച്ച എക്കാലത്തെയും മികച്ച നക്ഷത്രങ്ങള്‍ക്ക് ജന്മദിനത്തില് ആശംസകളര്‍പ്പിച്ച് ലോകം. ക്രിസ്റ്റ്യാനോ 36ൻ്റെ തിളക്കത്തില്‍ നില്ക്കുമ്പോള് 29 പൂര്‍ത്തിയാക്കിയാണ് ബ്രസീലിയന്‍ താരം നെയ്മര്‍ ജന്മദിനം ആഘോഷിക്കുന്നത്. ഇരുവര്‍ക്കും അനുമോദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍ സജീവമാണ്. പോര്‍ച്ചുഗലിലെ ഫംകലില് 1985 ഫെബ്രുവരി അഞ്ചിന് ജനിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റാസ് അവീരോ ഇതിനകം യൂറോപിലെ മുന്‍നിര ക്ലബുകളിലും ദേശീയ ജഴ്സിയിലും റെക്കോഡുകളുടെ പെരുക്കം തീര്‍ത്താണ് വെറ്ററന്‍ പ്രായത്തിലും ജ്വലിച്ചുനില്ക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മഡ്രിഡിലും ഒടുവില്‍ യുവന്റസിലും റോണോ ജയിച്ച പതക്കങ്ങള്‍ സമാനതകളില്ലാത്തത്.വെറ്ററന്‍ കരുത്തുമായി യുവന്റസിലെത്തിപ്പോഴും താരം വിജയക്കുതിപ്പിൻ്റ വഴി തുടരുകയാണ്. 760ലേറെ തവണ ലക്ഷ്യംകണ്ട് ലോകത്തെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായി തലയുയര്ത്തിനില്ക്കുന്ന റൊണാള്‍ഡോ പ്രായം 36ലെത്തിയിട്ടും ഇരട്ടി വേഗവുമായി ഗോളും കളിയും നയിക്കുന്നത് തുടരട്ടെയെന്നാണ് ജന്മദിനത്തില് ലോകത്തിൻ്റ പ്രാര്‍ഥന. ഫോര്‍ബ്സ് പട്ടികയില്‍ ലോകത്തെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമായ നെയ്മര്‍ കുഞ്ഞുനാളിലേ കായിക ലോകത്തെ കൂടെക്കൂട്ടിയ ഫുട്ബോളറാണ്. മുന്നേറ്റത്തില്‍ ഇതിഹാസ നായകന് പെലെക്ക് പിന്‍ഗാമിയായി സാംബ ജഴ്സിയില്‍ 18ാം വയസ്സില്‍ ബൂട്ടണിഞ്ഞ നെയ്മര്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ്. മുന്നിലുള്ളത് പെലെ മാത്രം. 2011 ല്‍ ദക്ഷിണ അമേരിക്കന്‍ യൂത്ത് ചാമ്ബ്യന്‍ഷിപ്പില്‍ ബ്രസീല്‍ കിരീടം ചൂടുമ്പോള്‍ നാട്ടുകാര്‍ ശരിക്കും ആഘോഷിച്ചത് ഈ പയ്യന്സിനെ. 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഗോള്‍ഡന്‍ ബോളിനുടമയും നെയ്മര്‍ മാത്രം. 2017ല്‍ 22.2 കോടി യൂറോക്ക് ബാഴ്സയിലെത്തിയെങ്കിലും കാര്യങ്ങള്‍ അതിവേഗം താളം തെറ്റി. പിന്നീട് നെയ്മര്‍ പൊങ്ങുന്നത് ഫ്രഞ്ച് സൂപര്‍ ടീമായ പി.എസ്.ജി ജഴ്സിയില്‍- അതും റെക്കോഡ് തുകക്ക്. കളി മികവിനെയും ജയിക്കാന്‍ പോന്ന വിവാദങ്ങളിലും പലപ്പോഴായി നെയ്മര്‍ നായകനായി. പക്ഷേ, അവയെ ഒരുവശത്തുനിര്‍ത്തി നെയ്മര്‍ ജൂനിയര്‍ കുതിപ്പ് തുടരുകയാണ്.
Facebook Comments