മലപ്പുറം: നിലമ്പൂര്‍ ടൗണിലിറങ്ങിയ കാട്ടാന പള്ളിമുറ്റത്ത് യുവാവിനെ ആക്രമിച്ചു. പുലര്‍ച്ചെ ആറു മണിയോടെയാണ് ആന ടൗണിലിറങ്ങിയത്. നിലമ്പൂര്‍ സ്വദേശി ക്ലിന്റണ്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോട നിലമ്പൂര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തിനു മുന്നില്‍ വച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. നിലമ്പൂര്‍ എയ്ഞ്ച് ലാന്റ് വീട്ടില്‍ ആന്റണി അന്നമ്മ ദമ്പതികളുടെ മകനായ ക്ലിന്റനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. പള്ളിമുറ്റത്തെത്തിയ ആന അവിടെ സ്‌കൂട്ടറിലെത്തിയ ക്ലിന്റെന്റെ സ്‌കൂട്ടര്‍ കുത്തിമറിച്ചിടുകയായിരുന്നു. വീണ്ടും ആക്രമിക്കാന്‍ ഒരുങ്ങിയപ്പോഴേക്കും ആളുകള്‍ ബഹളം വച്ചപ്പോള്‍ ആന ഒഴിഞ്ഞു പോയി. തുടര്‍ന്ന് ആനയെ തിരികെ കാട്ടിലേക്കു കയറ്റിവിട്ടു.
നിലമ്പൂര്‍.ഗവ: മാനവേദന്‍ സ്‌കൂളിന്റെ ഭാഗത്തു നിന്നും എത്തിയ ഒറ്റ കൊമ്പന്‍ നിലമ്പൂര്‍ വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെയാണ് ഉള്ളില്‍ കയറിയത്. അവിടെ നിന്നു റോഡിലെത്തിയ ആന നിലമ്പൂര്‍ സ്വദേശി രാജീവിനെ ആക്രമിക്കാനായി എത്തി. ആളുകള്‍ ബഹളം വച്ചതോടെ അവിടെ നിന്നും വഴിമാറിയ ആന മിനി ബൈപ്പാസ് വഴി ക്ലാസിക്ക് കോളേജ് റോഡ് വഴിയാണ് ഇന്‍ഫെന്റ് ദേവാലയത്തിന്റെ മുന്നിലെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ ആര്‍.ആര്‍.ടി ടീം, നിലമ്പൂര്‍ നോര്‍ത്ത് സി.എഫ്.ഒ, മാര്‍ട്ടിന്‍ ലോവല്‍, നഗരസഭാ ഉപാധ്യക്ഷ അരുമ ജയ കൃഷ്ണന്‍, എന്നിവരും സ്ഥലത്ത് എത്തി, ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു.
നിലമ്പൂര്‍ ടൗണിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ, മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു, ടാണിലേക്ക് ആന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാവലിനായി 7 വാച്ചര്‍മാരെ നിയമിക്കും, വനം വകുപ്പ് രാത്രി കാല പട്രോളിംഗ് നടത്തും, വൈദ്യുതി വേലി തകര്‍ന്ന ഭാഗത്ത് അവ പുനര്‍നിര്‍മ്മിക്കുമെന്നും ഡി.എഫ് ഒ പറഞ്ഞു. ഒന്നര മണിക്കൂറോളം നിലമ്പൂരിനെ വിറപ്പിച്ച കാട്ടാന വേലികളും നിറുത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്, ക്ലിന്റന്റെ തോള്‍ എല്ലിനും കൈകള്‍ക്കും പരിക്കുണ്ട്.