തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. കാർ യാത്രികരായിരുന്ന കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ഇതിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടു പേർ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജും കല്നമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കുമായി മാറ്റിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ കയറ്റി വന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പ്രസ് സ്റ്റിക്കർ പതിച്ച വാഹനം എന്നു മാത്രമായിരുന്നു പൊലീസ് അറിയിച്ചത്. ഇവർ സ്റ്റുഡിയോ ജീവനക്കാരാണെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഒരുവശത്ത് തീപിടിക്കുകയും ചെയ്തിരുന്നു. കാർ ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്. .അപകടം നടന്നയുടൻ തന്നെ പൊലീസ് ഫയർഫോഴ്സുമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നാട്ടുകാരുടെയും സഹായം ലഭിച്ചിരുന്നു.