കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം.
കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പക്കാണ് നിയമോപദേശം ലഭിച്ചത്. തെളിവുകള്‍ ശക്തമാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതിയുടെ നിഗമനങ്ങള്‍ തെറ്റാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവാണ് നിയമോപദേശം നല്‍കിയത്. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകന് ജോണ്‍ എസ്.റാഫും അപ്പീല്‍ നല്‍കും. രണ്ട് അപ്പീലുകളും ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാനാണ് സാധ്യത. ഇതോടെ കന്യാസ്ത്രീക്ക് വേണ്ടി രണ്ട് അഭിഭാഷകര്‍ക്ക് വാദിക്കാന്‍ കഴിയും. ഇത് മുന്നില്‍ കണ്ടാണ് രണ്ട് അപ്പീലുകളുമായുള്ള നീക്കം. പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന ദിവസങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോ കുറുവിലങ്ങാട് മഠത്തിലെത്തിയെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടതാണ്.
ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന കോടതിയുടെ നിഗമനം തെറ്റാണ്. നിര്‍ഭയ സംഭവത്തിന് ശേഷം ബലാല്‍സംഗക്കേസുകളില്‍ വന്ന ഭേദഗതികളെ കോടതി പരിഗണിച്ചില്ല. ഇതെല്ലാം കൊണ്ട് തന്നെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമെന്നും അപ്പീല്‍ പോകാമെന്നും നിയമോപദേശത്തില്‍ പറയുന്നു. നിയമോപദേശത്തില്‍ തീരുമാനം എടുക്കേണ്ടത് ഇനി സര്‍ക്കാരാണ്. അനുമതി കിട്ടുന്ന മുറയ്ക്ക് അഡ്വക്കേറ്റ് ജനറല്‍ മുഖേനെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.