കോട്ടയം:കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ 2-ാം ഘട്ട പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചു – മോൻസ് ജോസഫ് എം.എൽ.എ
കടുത്തുരുത്തി: സംസ്ഥാന സർക്കാർ കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ 2-ാം ഘട്ട വികസന പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷന്റെ ഇപ്പോൾ നിർമ്മിച്ച കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയ വിവിധ സർക്കാർ ഓഫീസുകൾക്ക് വേണ്ടിയാണ് മിനി സിവിൽ സ്റ്റേഷൻ 2-ാം ഘട്ട നിർമ്മാണ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് എം.എൽ.എ വ്യക്തമാക്കി.
കടുത്തുരുത്തി സബ്ട്രഷറി സമുച്ചയം, കടുത്തുരുത്തി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് എന്നിവ ഉൾപ്പെടെയുള്ള അവശേഷിക്കുന്ന എല്ലാ പ്രധാന ഓഫീസുകളും സിവിൽ സ്റ്റേഷൻ സമുച്ചയത്തിലേക്ക് കൊണ്ട് വരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കടുത്തുരുത്തി വില്ലേജ് ഓഫീസ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ അനക്സ് ബിൽഡിംഗ് യാഥാർത്ഥ്യമാകുന്നതെന്ന് എം.എൽ.എ വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് സംസ്ഥാന സർക്കാർ 2 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുള്ളത്. ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി പ്രവർത്തി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോൻസ് ജോസഫ് അറിയിച്ചു.