കടലാസ് വിലവര്‍ധനവ് :
അച്ചടി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കടലാസിന്റെ ക്ഷാമവും വില വര്‍ധനവും അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
കോവിഡിനെ തുടര്‍ന്ന് ഇറക്കുമതി വൈകുന്നതും മറ്റ് ഒട്ടനവധി കാര്യങ്ങളും മൂലം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ആര്‍ട്ട് പേപ്പറിന് കടുത്ത ക്ഷാമവും വലിയ വില വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. മൂന്നു മാസത്തിനുള്ളില്‍ കിലോഗ്രാമിന് 60-ല്‍ നിന്ന് 90 രൂപയായി. (50% വര്‍ദ്ധനവ്)
ഇന്ത്യന്‍ പേപ്പര്‍ ഉത്പാദന കമ്പനികളും വില വര്‍ധനവിന്റെ പാതയിലാണ്.
മഷി, കെമിക്കല്‍സ് മുതലായ അച്ചടി അനുബന്ധ സാമഗ്രികള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചു.
കോവിഡ് ലോക്ഡൗണിനു ശേഷം പൊതുപരിപാടികളും ഉത്സവാഘോഷങ്ങളും പുനരാരംഭിക്കാത്തതും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറക്കാത്തതും മൂലം അച്ചടി ജോലികള്‍ വളരെ കുറവായതു കാരണം മിക്ക പ്രസുകളും ഉല്‍പ്പാദനശേഷിയുടെ പകുതിയില്‍ താഴെയേ ഉപയോഗിക്കുന്നുള്ളൂ.
ഇക്കാരണങ്ങളാല്‍, നാളുകളായി കേരളത്തിലെ മൂവായിരത്തോളം വരുന്ന പ്രിന്റിംഗ് പ്രസ്സുകള്‍ ഗുരുതര സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
അതിനിടെയാണ് കടലാസിന്റെ വില വര്‍ധിച്ചതു വഴി ഉണ്ടായ പുതിയ പ്രതിസന്ധി.
അച്ചടിക്കൂലി വര്‍ധിപ്പിക്കുന്നില്ലെങ്കിലും കടലാസ് വില വര്‍ധനവിന് ആനുപാതികമായി അച്ചടി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ദീര്‍ഘനാളത്തേയ്ക്ക് കരാര്‍ എടുത്തിരിക്കുന്ന അച്ചടി സ്ഥാപനങ്ങള്‍ കനത്ത നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അച്ചടി ജോലികള്‍ കേരളത്തില്‍ തന്നെ ആയിരുന്നു ചെയ്തിരുന്നത്.
അതുപോലെ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ മുഴുവന്‍ അച്ചടി ജോലികളും കേരളത്തിലുള്ള പ്രസുകളില്‍ തന്നെ ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും സ്ഥാനാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പര്‍ ഉണ്ടാക്കുവാന്‍ സത്വര നടപടികള്‍ ‘ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെടുന്നു.