✍️തയ്യാറാക്കിയത്: ദിവ്യ എസ്. മേനോൻ
മലയാളത്തിന്റെ പ്രിയ കവി മഹാനായ ശ്രീ ഓ എൻ വി കുറുപ്പിന്റെ ഓർമ്മദിനമാണ് ഫെബ്രുവരി 13. അനിതരസാധാരണമായ ആ തൂലികയിൽ നിന്ന് പിറന്ന ശ്രേഷ്ഠമായ കവിതാശകലങ്ങളിലൂടെയും അതിമനോഹരമായ ചലച്ചിത്ര ഗാനങ്ങളിലൂടെയും പ്രിയ കവി ഇന്നും മലയാള മനസ്സുകളിൽ ജീവിക്കുന്നു. ഈ പ്രണയദിനത്തിൽ കവി മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് സമ്മാനിച്ച ഒരുപിടി പ്രണയഗാനങ്ങളെ ഓർത്തെടുക്കട്ടെ.
- ചൈത്രം ചായം ചാലിച്ചു
1982 ൽ പുറത്തിറങ്ങിയ ‘ചില്ല്’ എന്ന ചലച്ചിത്രത്തിലെ അതിമനോഹരമായ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ശ്രീ എം ബി ശ്രീനിവാസനും ആലപിച്ചിരിക്കുന്നത് ശ്രീ യേശുദാസുമാണ്. പ്രണയിനിയുടെ സൗന്ദര്യത്തെ പ്രകൃതിയുടെ മനോഹാരിതയോട് ചേർത്തുനിർത്തി വർണ്ണിക്കുന്ന ഈ ഗാനം ആസ്വാദക മനസ്സുകൾക്ക് കുളിരാർന്ന ഒരു അനുഭൂതിയാണ്.
- മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
1987 ല് പുറത്തിറങ്ങിയ ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജോൺസൻ മാസ്റ്ററും പാടിയിരിക്കുന്നത് ശ്രീ യേശുദാസുമാണ്. കിളിവാതിൽ പഴുതിലൂടൊഴുകി വരുന്ന മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അനിർവചനീയമായ സൗന്ദര്യമാണ് ഈ ഗാനത്തിനും.
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
1987 ൽ തന്നെ പുറത്തിറങ്ങിയ ‘നീ എത്ര ധന്യ’ എന്ന ചിത്രത്തിലെ ഈ ഗാനം പോലെ വിരഹത്തെ ഇത്രയും മനോഹരമായി വർണ്ണിക്കുന്ന മറ്റൊരു ഗാനം മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററും ആലപിച്ചിരിക്കുന്നത് ശ്രീ യേശുദാസുമാണ്.
- വാതിൽ പഴുതിലൂടെൻ മുന്നിൽ
1987 ൽ തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ എന്ന ചിത്രത്തിലെ ഈ പാട്ട് കാവ്യഭാവനയുടെ മാന്ത്രിക സ്പർശമേറ്റ വരികൾ കൊണ്ട് സമ്പുഷ്ടമാണ്. ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ദക്ഷിണാമൂർത്തി സ്വാമികളും പാടിയിരിക്കുന്നത് ശ്രീ യേശുദാസുമാണ്.
- ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
‘വൈശാലി’ എന്ന സിനിമയിലെ ഈ ഗാനം പ്രണയത്തിന്റെ മാന്ത്രികത വിളിച്ചോതുന്നു. ബോംബെ രവി ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയാണ്.
- ശരദിന്ദു മലർദീപനാളം നീട്ടി
‘ഉൾക്കടൽ’ എന്ന സിനിമയിലെ ഈ യുഗ്മഗാനം അനശ്വരപ്രണയത്തിന്റെ ഈണമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എം ബി ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഭാവഗായകൻ പി ജയചന്ദ്രനും സെൽമ ജോർജ്ജും ചേർന്നാണ്.
- ഒരു ദലം മാത്രം
‘ജാലകം’ എന്ന സിനിമയിലെ ഈ ഗാനം വിടർന്നു പരിലസിക്കുന്ന ഒരു പനിനീർ പുഷ്പം പോലെ ഇന്നും ആസ്വാദകമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. എം ജി രാധാകൃഷ്ണൻ ഈണമിട്ടിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ യേശുദാസാണ്.
- ശ്രീരാഗമോ തേടുന്നു നീ ഈ വീണ തൻ
1994 ൽ പുറത്തിറങ്ങിയ ‘പവിത്രം’ എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ മനസ്സിൽ ഗൃഹാതുരമായ പ്രണയസ്മരണകൾ ഉണർത്തുന്നതാണ്. ശ്രീ ശരത് ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും ഗാനഗന്ധർവ്വൻ തന്നെ
- സാഗരങ്ങളേ…പാടിയുണർത്തിയ സാമഗീതമേ
‘പഞ്ചാഗ്നി’ എന്ന സിനിമയിലെ ഈ ഗാനം ഒരുതവണയെങ്കിലും മൂളിയിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. ബോംബെ രവി സംഗീത സംവിധാനം ചെയ്തിട്ടുള്ള ഈ പാട്ട് പാടിയതും യേശുദാസ് തന്നെ.
- കടലിന്നഗാധമാം നീലിമയിൽ
‘സുകൃതം’ എന്ന സിനിമയിലെ ഈ ഗാനം ആഴക്കടലിൽ മുങ്ങിയെടുത്ത പവിഴത്തെപ്പോലെ മനോജ്ഞമായത് തന്നെ. ബോംബെ രവി ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.
ആസ്വാദക മനസ്സുകളിൽ പ്രണയത്തെ തൊട്ടുണർത്തുന്ന ഇനിയുമൊരുപാട് ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. കാവ്യഭംഗി തുളുമ്പുന്ന വരികളാൽ മലയാള ചലച്ചിത്രഗാന ശാഖയെ സമ്പുഷ്ടമാക്കിയ, മലയാളകവിതയുടെ സൂര്യതേജസ്സിന് പ്രണാമം.