കോട്ടയ്ക്കൽ: ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. കോട്ടയ്ക്കൽ നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടം. കൊൽക്കത്തയിൽനിന്ന് തിരൂർ വൈലത്തൂരിലേക്ക് തെർമോകോൾ പ്പേറ്റുകളുമായി വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സാധനസാമഗ്രികളടക്കം ലോറിയുടെ ഉൾവശം പൂർണമായി അഗ്നിക്കിരയായി. ഡ്രൈവറടക്കം രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അര മണിക്കൂറോളം നിന്നുകത്തിയ ലോറി മലപ്പുറത്തുനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ അണക്കുകയായിരുന്നു.
ആര്യവൈദ്യശാല ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ ഇന്ധനം നിറക്കാൻ പോകുകയായിരുന്ന പണിക്കർക്കുണ്ട് സ്വദേശി മൊയ്തീനാണ് ലോറിയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഏറെദൂരം സഞ്ചരിച്ച് വാഹനം തടയുകയായിരുന്നു. ഇതോടെ റോഡിന് മധ്യേ ലോറി നിർത്തിയിട്ടു. പിന്നാലെ തീ ആളിപ്പടർന്നു. കോട്ടയ്ക്കൽ എസ്എച്ച്ഒ എം.കെ. ഷാജി, വേങ്ങര എസ്എച്ച്ഒ മുഹമ്മദ് ഹനീഫ, മലപ്പുറം, തിരൂർ അഗ്നിശമന സേന ഉദ്യോഗസ്ഥരായ കെ.പ്രതീഷ്, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാനടപടികൾ. തിരൂരിൽനിന്നടക്കമുള്ള മൂന്ന് യൂനിറ്റ് അഗ്നിശമന സേനയാണ് സംഭവസ്ഥലത്ത് എത്തിയത്.