ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും ഓക്സിജൻ കിട്ടാതെ ദുരന്തം.
ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഡോക്ടർ ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലാണ് ഇത്രയധികം മരണം സംഭവിച്ചത്. ആശുപത്രിയിലെ ഓക്സിജൻ വിതരണം പൂർണമായും നിലച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ 327 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 48 പേർ ഐസിയുവിലാണ്. എട്ടു പേരുടെ നില അതീവ ഗുരുതരവുമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ ആളുകൾ മരിക്കുന്നതിൽ ഡൽഹി ഹൈക്കോടതി വീണ്ടും ആശങ്ക പ്രകടിപ്പിച്ചു. ഡൽഹിയിലെ എല്ലാ ആശുപത്രികളും ഏപ്രിൽ ഒന്നു മുതലുള്ള ചികിത്സാ വിവരങ്ങൾ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു