ആവേശപ്പോരിനൊടുവിൽ പഞ്ചാബിന് നാല് റൺസ് ജയം
സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം വിഫലമായി
കുട്ടിക്രിക്കറ്റിൻ്റെ എല്ലാ ആവേശവും അലതല്ലിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് വിജയം. പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ നാല് റൺസ് അകലെ വീണു. രാജസ്ഥനായി സെഞ്ച്വറിയുമായി കളം നിറഞ്ഞ നായകൻ സഞ്ജു സാംസൻ്റെ ഒറ്റയാൾ പോരാട്ടം വിഫലമായി.
സ്കോർ:
പഞ്ചാബ്: 221/6
രാജസ്ഥാൻ: 217/7
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, നായകൻ കെ എൽ രാഹുലിൻ്റെ ബാറ്റിംഗ് കരുത്തിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. 50 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിൻ്റെ ഇന്നിംഗ്സ്. ദീപക് ഹൂഡ 64(28), ക്രിസ് ഗെയ്ൽ 40(28) എന്നിവരും തിളങ്ങി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ സഞ്ജു മുന്നിൽ നിന്ന് നയിച്ചു. 63 പന്തിൽ 119 റൺസെടുത്ത സഞ്ജു ഇന്നിംഗ്സിലെ അവസാന പന്തിലാണ് കീഴടങ്ങിയത്. 12 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ മനോഹര ഇന്നിംഗ്സ്. ജോസ് ബട്ലർ(25), റിഹാൻ പരാഗ് (25), ശിവം ദുബെ (23) എന്നിവരും നിർണ്ണായക സംഭാവനകൾ നൽകി.