തിരൂരങ്ങാടി∙ യാത്ര പോകാൻ ആഗ്രഹിച്ചാൽ പിന്നെ ഫാഹിസിന് അവിടെ ചെന്നേ വിശ്രമമുള്ളൂ. ഇടതുകൈ മുട്ടുവരെയേ ഉള്ളൂവെങ്കിലും അതൊന്നും ഫാഹിസ് ഫർഹാന്റെ (18) യാത്രയ്ക്ക് തടസ്സമല്ല. ഒറ്റക്കൈ ഉപയോഗിച്ച് സൈക്കിളിലാണ് ഫാഹിസിന്റെ യാത്രകളെല്ലാം. കഴിഞ്ഞ ഓഗസ്റ്റിൽ ലഡാക്കിലേക്ക് സൈക്കിളിൽ പോയി. 4500 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡും ഫർഹാൻ ചവിട്ടിക്കയറി. ഇതിന് മുൻപ് സുഹൃത്തുക്കളോടൊപ്പം സൈക്കിളിൽ ഊട്ടിക്ക് പോയി. കഴിഞ്ഞ വർഷം കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തി.
ഒറ്റക്കൈയിൽ എങ്ങനെ സൈക്കിളോടിക്കുമെന്ന് കാഴ്ചക്കാർ ‘വണ്ടറടിക്കു’മ്പോഴേക്കും ഫാഹിസ് ഇവർക്ക് മുൻപിലൂടെ ‘കൂളായി’ ഏറെ ദൂരം പിന്നിട്ടിരിക്കും. ഇനി അറേബ്യൻ രാജ്യങ്ങൾ സൈക്കിളിൽ സന്ദർശിക്കാനുള്ള തയാറെടുപ്പിലാണ്. 10 രാജ്യങ്ങൾ സന്ദർശിക്കാനാണ് പദ്ധതി. സ്പോൺസർഷിപ് കിട്ടാനുള്ള ശ്രമത്തിലാണെന്ന് ഫാഹിസ് പറഞ്ഞു. പാരാ ഒളിംപിക്സിൽ പങ്കെടുക്കുന്നതും ഫാഹിസിന്റെ സ്വപ്നമാണ്. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ എരണിക്കൽ അബ്ദുൽ ഖാദർ– നഹീമ ദമ്പതികളുടെ മകനാണ്.