✍️ നിരഞ്ജൻ അഭി
എന്റെ പ്രിയപ്പെട്ടവളേ,
അങ്ങ്..ദൂരെ.. ദൂരെ..
മാനത്തു പൂത്തിരി പോലെ നക്ഷത്രങ്ങൾ കത്തുന്ന ഈ തണുത്ത രാവിൽ നിനക്കായ് ഞാൻ വീണ്ടും എന്റെ ഹൃദയം പകർത്തുകയാണ്..
നീയരികിലുള്ള നിമിഷങ്ങളിൽ ആകാശങ്ങളിൽ പാറി പറക്കുന്ന വർണ്ണ ബലൂണു പോലെയാണ് എന്റെ ഹൃദയം…
നീയരികിലില്ലാത്ത നിമിഷങ്ങളിൽ അത് പൊട്ടിപ്പോയ ബലൂൺ പോലെ ആകുന്നത് എനിക്ക് നെഞ്ചിൽ തൊട്ടറിയാനാവുന്നുണ്ട്…
നിന്നെ ഓർക്കുന്ന ഓരോ നിമിഷങ്ങളിലും നിന്റെ പൊട്ടിച്ചിരികൾ എന്റെ മനസ്സിനെ തരളിതമാക്കുകയും നിന്റെ ചുണ്ടുകൾ എന്റെ കാതിൽ മന്ത്രിച്ച കൊഞ്ചലുകൾ എന്നെ ഇപ്പോഴും ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്…
നീയോർക്കുന്നില്ലേ നമ്മുടെ പ്രണയം പൂത്തുലഞ്ഞ ഒരുപാട് സായാഹ്നങ്ങളിൽ അമ്പലക്കുളത്തിന്റെ പച്ചപിടിച്ച പടവുകളിൽ നിന്റെ മടിത്തട്ടിൽ ഞാൻ തലചായ്ച്ചു കിടന്നത്..
നിന്റെ വിരലുകളിൽ എന്റെ മുടിയിഴകൾക്ക് ജീവൻ വെച്ചത്…
ഇതേപോലെ ഒരു നിലാവുള്ള രാവിലായിരുന്നു നിന്റെ മിന്നിതിളങ്ങിയ നക്ഷത്രക്കണ്ണുകൾ എന്റെ ഹൃദയം കൊത്തിവലിച്ചതും..ആ മിഴിയാഴങ്ങളിലേക്ക് എന്നെ ആവാഹിച്ചതും..
അന്ന് മുതൽ ഇന്നുവരെ നിന്റെ മിഴികളിലെ നീലാഞ്ജനം പോലെ ചേർന്നിരിക്കാൻ മാത്രം തുടിച്ച എന്റെ ഹൃദയം..
ഹൃദയത്തിന്റെ അളവുകോലുകളാൽ അളക്കാൻ കഴിയാത്ത മർമ്മരങ്ങൾ നിന്റെ പേരാണ് മന്ത്രിക്കുന്നത്..
മൗനങ്ങൾ കൊണ്ട് കീറിമുറിച്ച രാത്രികളെ ചുടു നിശ്വാസം കൊണ്ട് ചേർത്തുവെച്ച പകലുകളിൽ നിന്റെ ചുണ്ടുകൾ എന്റെ നെഞ്ചിൽ തീക്കനലുകളാണ് കോരിയിട്ടത്..
ഈ അകലങ്ങളിൽ പോലും നിന്റെ ഗന്ധം എനിക്ക് ചുറ്റും നിറയുന്നു..
അതെന്നെ കൂടുതൽ നിരാശനാക്കുന്നുണ്ട്..
ചിറകുണ്ടായിരുന്നെങ്കിൽ നിനക്കരികിലേക്ക് പറന്നു വരാമായിരുന്നു എനിക്ക്…
നിനക്കായ് എഴുതുന്ന ഈ വിരലുകളിൽ പോലും പ്രണയത്തിന്റെ അഗ്നി എന്നെ പൊള്ളിക്കുന്നുണ്ട്..
അനന്തമായ ആകാശങ്ങളോളം തിട്ടപ്പെടുത്താനാവാത്ത നക്ഷത്ര ദൂരങ്ങളോളം നിനക്കൊപ്പം പറന്നു പോകണം…
നിനക്കായ് എഴുതി തീരാത്ത ഈ വിരലുകൾ ഇന്ന് വിശ്രമിക്കട്ടെ..
നിന്റെ മറുവരികൾ വായിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു..
പ്രണയപൂർവ്വം നിന്റെ മാത്രം, നിരഞ്ജൻ..