ഒരു തുള്ളി മുലപ്പാൽ പോലും വയറ്റിലില്ല – ശ്വാസകോശത്തിൽ കരിയില കഷ്ണങ്ങൾ കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച സംഭവം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുലപ്പാലിന്റെ അംശം വയറ്റിൽ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റിൽ കടന്നെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്നു മനസിലായത്. കുട്ടിയുടെ മൃതശരീരം തൽക്കാലം മോർച്ചറിയിൽ സൂക്ഷിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണു മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിലവിൽ എസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ഗർഭിണികളുടെ വിവരങ്ങളും സംശയമുള്ള ആളുകളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയിലാണു ചൊവ്വാഴ്ച രാവിലെ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.