ഐ പി എൽ: ബാംഗ്ലൂരിന് രണ്ടാം ജയം
ബൗളർമാർ ഗതി നിർണ്ണയിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ആറ് റൺസ് വിജയം. ബാംഗ്ലൂർ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 143 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
സ്കോർ:
ബാംഗ്ലൂർ: 149/8
ഹൈദരാബാദ്: 143/9
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഗ്ലെൻ മാക്സ് വെല്ലിൻ്റെ കരുത്തിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. മാക്സ് വെൽ 59 (41) ഉം നായകൻ വിരാട് കോഹ്ലി 33 ഉം റൺസെടുത്തു. റൺസ് വിട്ടുകൊടുക്കാൻ ഹൈദരാബാദ് ബൗളർമാർ പിശുക്ക് കാട്ടിയപ്പോൾ ബാംഗ്ലൂർ 149 ൽ ഒതുങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ നായകൻ ഡേവിഡ് വാർനർ മുന്നിൽ നിന്ന് നയിച്ചു. വാർനറും 54 (37) മനീഷ് പാണ്ഡെയും 38 (39) ചേർന്ന് ഹൈദരാബാദിനെ അനായാസ ജയത്തിലേയ്ക്ക് നയിക്കുമെന്ന് തോന്നിച്ചു. പക്ഷെ 13-ാം ഓവറിൽ വാർനർ മടങ്ങിയതോടെ ഹൈദരാബാദ് സമ്മർദ്ദത്തിലായി. 16-ാം ഓവറിൽ ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റെടുത്ത് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. റഷീദ് ഖാൻ 17 (9) പൊരുതി നോക്കിയെങ്കിലും വിജയത്തിലേയ്ക്ക് എത്താൻ കഴിഞ്ഞില്ല. മുഹമ്മദ് സിറാജ്, ഹർഷദ് പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.