മോറിസിൻ്റെ ഏറിൽ കൊൽക്കത്ത വീണു; രാജസ്ഥാന് ആറ് വിക്കറ്റ് ജയം
ഐ പി എൽ പോയൻ്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരിൽ ജയം രാജസ്ഥാൻ റോയൽസിന്. ആറ് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയത്. കൊൽക്കത്തയെ 133 റൺസിൽ ഒതുക്കിയ രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നാല് വിക്കറ്റെടുക്കുകയും കൊൽക്കത്ത നായകൻ ഓയിൻ മോർഗനെ റണ്ണൗട്ട് ആക്കുകയും ചെയ്ത ക്രിസ് മോറിസിൻ്റെ പ്രകടനം രാജസ്ഥാൻ്റെ വിജയത്തിൽ നിർണ്ണായകമായി.
സ്കോർ:
കൊൽക്കത്ത: 133/9
രാജസ്ഥാൻ: 134/4 (18.5)
ട്വൻ്റി ട്വൻ്റി മത്സരത്തിൻ്റെ ഒരാവേശവും ഇല്ലാതെയാണ് കൊൽക്കത്ത ഇന്നിംഗ്സ് തുടങ്ങിയത്. റൺസ് കണ്ടെത്താൻ ബാറ്റ്സ്മാൻമാർ വിഷമിച്ചു. 36(26) റൺസെടുത്ത രാഹുൽ ത്രിപതിയാണ് കൊൽക്കത്തത്തയുടെ ടോപ് സ്കോറർ. ദിനേഷ് കാർത്തിക് 25(24),നിതീഷ് റാണ 22(25) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്കോറിംഗ് ഉയർത്താനായില്ല. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ തകർത്തുകളിച്ച ആന്ദ്രെ റസലിൻ്റെയും പാറ്റ് കമ്മിൻസിൻ്റെയും ഉൾപ്പെടെ നാല് വിക്കറ്റെടുത്ത മോറിസാണ് കൊൽത്തയെ 133 ൽ ഒതുക്കിയത്.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ജോസ് ബട്ലറെ തുടക്കത്തിലേ നഷ്ടമായി. എന്നാൽ യശസ്വി ജയ്സ്വാൾ 22(17) പ്രതീക്ഷ കാത്തു. ജയ്സ്വാൾ പുറത്തായെങ്കിലും നായകൻ സഞ്ജു സാംസണും ശിവം ദുബെയും രാജസ്ഥാനെ ജയത്തിലേക്ക് അടുപ്പിച്ചു. ദുബെ 22(18) റൺസെടുത്ത് പുറത്തായി. ടിവാറ്റിയയ്ക്കും പിടിച്ചുനിൽക്കാനായില്ല. എന്നാൽ ശ്രദ്ധയോടെ കളിച്ച സഞ്ജുവും (41 പന്തിൽ 42) ഡേവിഡ് മില്ലറും (23 പന്തിൽ 24) ചേർന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.