കോട്ടയം : ഫെബ്രുവരി: 21:ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം ഇന്ന്. രാത്രി ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളുന്ന ഏഴരപൊന്നാനയെ കണ്‍കുളിര്‍ക്കെ കാണാനും കാണിക്കയര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയിലെത്തും. എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനാല്‍ 5000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിച്ചിട്ടുള്ളു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ന് രാത്രി 9 മുതലാണ് ഏഴരപൊന്നാന ദര്‍ശനം. ആസ്ഥാന മണ്ഡപത്തില്‍ ഇരുവശത്തും ഏഴരപൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പു വച്ച തങ്കശോഭയിലാണ് വലിയ കാണിക്ക. ചെങ്ങന്നൂര്‍ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപൊന്നാനയെ സൂക്ഷിക്കുക. ഏട്ടാം ഉത്സവത്തിനും അറാട്ടിനും മാത്രമാണ് ഇത് പുറത്തെടുക്കുന്നത്. രണ്ടടി പൊക്കമുള്ള ഏഴാനയും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപൊന്നാന. ഏഴരപൊന്നാന അഷ്ടദിഗ്ഗചജങ്ങളെ പ്രതിനാധനം ചെയ്യുന്നു. കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് 7143 കഴഞ്ച് സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചഏഴരപൊന്നാനയെ നടക്ക് വച്ചതെന്നാണ് ഒരു ഐതിഹ്യം. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 926ല്‍ ഏഴരപൊന്നാനയെ നടക്കുവെച്ചതാണെന്നും വിശ്വാസമുണ്ട്. ചെന്തെങ്ങിന്‍ കുലകളും തളിര്‍വെറ്റിലയും പട്ടുംകട്ടിമാലകളും കൊണ്ടലങ്കരിച്ച അസ്ഥാന മണ്ഡപത്തില്‍ ഏഴരപൊന്നാനയെ ഏഴുന്നള്ളിക്കുമ്ബോള്‍ പ്രപഞ്ചമൂര്‍ത്തിയെ വണങ്ങാന്‍ ദേവന്മാരും എത്തുമെന്നാണ് സങ്കല്പം.