തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് ഡിഎംകെ നേതാവും എംപിയുമായ എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കി. ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് എ രാജയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എം കെ സ്റ്റാലിനെയും എടപ്പാടി പളനിസാമിയെയും താരതമ്യപ്പെടുത്തി എ രാജ വിവാദ പ്രസ്താവന നടത്തിയത്.
അണ്ണാഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. പൊലീസ് കേസെടുക്കുകയും ചെയ്തു. എ രാജ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി. നേതാക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കോണ്‍ഗ്രസിന്‍റെ പരാതിയില്‍ അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിസ്വസര്‍മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. ഇന്ന് വൈകീട്ട് 5ന് മുന്‍പ് മറുപടി നല്‍കാനാണ് നിര്‍ദേശം.