തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്‍പില്‍ കുടുംബം സത്യഗ്രഹം ആരംഭിച്ചു. പ്രദീപിന്റെ മാതാവ് വസന്തകുമാരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം. പി.ടി തോമസ് എംഎല്‍എ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ബാക്കി നില്‍ക്കേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ആരംഭമെന്നോണമാണ് കുടുംബം സത്യഗ്രഹം അനുഷ്ഠിക്കുന്നത്. വൈകീട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം.
പ്രദീപിന്റെ മരണം കൊലപാതകമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു. ബി ജെ പി മുന്‍ ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ്, കെ എം ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപനം ഒ രാജഗോപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
പ്രദീപ് മരിച്ച് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല നിര്‍ണ്ണായക തെളിവുകളെയും സാക്ഷിമൊഴികളെയും അവഗണിക്കുന്ന പോലീസ് കുറ്റക്കാര്‍ക്ക് അനുകൂലമായാണ് അന്വേഷണം കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.