ചാലക്കുടി: വിവിധ ജില്ലകളിലായി എഴുപത്തിരണ്ടിൽപരം കേസുകളിൽ പ്രതിയായ ആമ്പല്ലൂർ കല്ലൂർ പച്ചളിപ്പുറം സ്വദേശി കരോട്ട് വീട്ടിൽ രഞ്‌ജിത് (40 ) നെ കേരള – തമിഴ്നാട് അതിർത്തിയിലെ വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലെ ആഢംബര റിസോട്ടിൽ നിന്നും പോലീസ് സംഘം പിടികൂടി. സംഘം ചേർന്ന് വീടുകയറി ആക്രമിച്ച് കൊള്ള, രേഖകളില്ലാത്ത പണവുമായി വന്ന കാർ ആക്രമിച്ച് കൊള്ള, ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടങ്ങൾ പണയംവച്ച് തട്ടിപ്പ്, നിരവധി തവണ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയത് തുടങ്ങി വിവിധ തരത്തിലുള്ള എഴുപത്തിരണ്ടിൽപരം കേസുകളിൽ പ്രതിയാണ് ഇയാൾ.
ഒൻപതുവർഷങ്ങൾക്കു മുൻപ് ചാലക്കുടിയിലെ ഒരു പണയമിടപാട് സ്ഥാപനത്തിൽ വൃദ്ധ ദമ്പതികൾ വളകൾ പണയം വച്ച് ഒരു ലക്ഷത്തോളം രൂപ വാങ്ങിപ്പോയിരുന്നു. ഒരു വർഷത്തിനു ശേഷവും പണയപണ്ടങ്ങൾ തിരിച്ചെടുക്കാതായതോടെ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് ചെമ്പുകമ്പിയിൽ സ്വർണ്ണം പൊതിഞ്ഞ് ആഭരണങ്ങളുണ്ടാക്കി വിദഗ്ദ്ധമായി തട്ടിപ്പു നടത്തുകയായിരുന്നുവെന്ന് വ്യക്തമായത്.
ഇതിനെ തുടർന്ന് ചാലക്കുടി സ്റ്റേഷനിൽ സ്ഥാപന ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് ഒരു സംഘമാളുകൾ ഇതിനു പിറകിൽ ഉണ്ടെന്ന് വ്യക്തമായത്. കൂടുതൽ അന്വേഷണത്തിൽ ചാലക്കുടിയിലെ പണയമിടപാട് സ്ഥാപനത്തിൽ പാലക്കാട് മലമ്പുഴ സ്വദേശികളാണ് പണയം വച്ചതെന്ന് വ്യക്തമായത്. ഇവരെ കണ്ടെത്തി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആമ്പല്ലൂർ പച്ചളിപ്പുറം സ്വദേശിയായ രഞ്ജിത് എന്ന ആഭരണ നിർമ്മാതാവാണ് ഇവരെ ഉപയോഗിച്ച് പണയം വച്ചതെന്ന് കണ്ടെത്തിയത്. ഇവരുടെ മൊഴി പ്രകാരം ചാലക്കുടിയെ കൂടാതെ ഏറ്റുമാനൂർ , പിറവം, മൂവാറ്റുപുഴ, കോതമംഗലം, കളമശ്ശേരി, അങ്കമാലി, മാള, പുതുക്കാട് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ പണയം വച്ചതായി കണ്ടെത്തി. ഈ സംഭവങ്ങളിൽ മാത്രം അറുപതിലേറെ കേസുകളാണ് രഞ്ജിത്തിനെ പ്രതിയാക്കി പ്രസ്തുത സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. ഇതിനിടയിൽ ഇവരുമായി പണം പങ്കു വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്താൽ ഇവരുമായി ഇടഞ്ഞ രഞ്ജിത് പിന്നീട് കുഴൽപണം തട്ടുന്ന സംഘത്തിലും ക്വട്ടേഷൻ സംഘത്തിലും അംഗമായി വയനാട്ടിലെ കൽപറ്റയിലും പാലക്കാട് കോങ്ങാടും കാറിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത പണം യാത്രക്കാരെ ആക്രമിച്ച് തട്ടിയെടുത്ത കേസിലും, മണ്ണാർക്കാട് സംഘം ചേർന്ന് മാരകായുധങ്ങളുമായി വീടാക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച കേസിലും നിരവധി തവണ ചന്ദന മരവും മറ്റും മുറിച്ചു കടത്തിയതിന് ഫോറസ്റ്റ് കേസിലും പ്രതിയായി.
മലമ്പുഴ സ്വദേശികൾ പിടിയിലായതറിഞ്ഞ രഞ്ജിത് തമിഴ് നാട്ടിലേയ്ക്ക് കടക്കുകയും മധുരയിലെ ഒരു ഇടത്തരം ജ്വല്ലറിയിൽ ഏതാനും വർഷം ജോലി ചെയ്യുകയും ഉടമയുമായി തെറ്റിയതിനെ തുടർന്ന് അവിടെ നിന്നും തേനിയിലെ ആണ്ടിപ്പട്ടി രങ്കരായൻപുതൂർ എന്ന ഗ്രാമത്തിനടുത്ത് താമസമാക്കുകയുമായിരുന്നു.
പത്ത് വർഷത്തോളമായി ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്തി പിടികൂടുവാൻ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ് നിർദ്ദേശിച്ചതനുസരിച്ച് ചാലക്കുടി ഡിവൈഎസ്പി കെ.എം ജിജിമോന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ സൈജു കെ. പോൾ, ക്രൈം സ്ക്വാഡ് എസ് .ഐ ജിനു മോൻ തച്ചേത്ത്, സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ഡെന്നിസ്, സീനിയർ സിപിഒ നിഖിലൻ, സിപിഒമാരായ സുനീഷ്, ശ്യാം പി ആന്റണി എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് രഞ്‌ജിത്തിനെ പിടികൂടിയത്.
രഞ്ജിത് മധുരയിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ച പോലിസ് സംഘം മധുരയിലെത്തി നടത്തിയ അന്വേഷണത്തിൽ ഇയാൾ ആണ്ടിപട്ടിക്കടുത്ത് താമസിക്കുണുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് അവിടെയെത്തി നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയിട്ടുണ്ടെന്ന് മനസിലാക്കി വിനോദ സഞ്ചാരികളെന്ന ഭാവേന അവിടെയെത്തി ആഢംബര റിസോട്ടിൽ നിന്നും രഞ്ജിതിനെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ ചാലക്കുടിയിലെത്തിച്ച് വൈദ്യ പരിശോധനയും മറ്റും നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.