കോട്ടയ്ക്കൽ: ഒത്ത ഉയരവും വണ്ണവുമുള്ള ഗായകൻ മുഹമ്മദ് റഫിയുടെയും മറ്റും പാട്ടുകൾ പാടി മലബാറിലെ വേദികളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷം 27 ആയി. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പ്രായം 70 പിന്നിട്ട പൂക്കയിൽ അബൂബക്കറിന്റെ ശബ്ദത്തിന് ഇടർച്ചയില്ല.

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയായ പിതാവ് അബ്ദുറഹിമാൻ മുംബൈയിൽ വ്യാപാരിയായിരുന്നു. അബൂബക്കറും സഹോദരങ്ങളും ജനിച്ചത് അവിടെയാണ്. ഉറുദുവും ഹിന്ദിയും പഠിച്ചതിനാൽ അത്തരം പാട്ടുകളോടായിരുന്നു താൽപര്യം. പാട്ടു പഠിക്കണമെന്ന ആഗ്രഹത്തിന് കുടുംബത്തിന്റെ പ്രാരാബ്ധം തടയിട്ടു. റേഡിയോയിലെ പാട്ടുകൾ കേട്ടാണ് വളർന്നത്. ഗസൽ രാവുകളിൽ കാണികളുടെ ഇടയിലെത്തി. പുണെയിൽ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഗായകരായ റഫി, മുകേഷ്, തലത് മെഹമൂദ് എന്നിവർ സ്കൂളിലെത്തിയിരുന്നു.
ജോലി ആവശ്യാർഥം കുവൈറ്റിൽ പോയപ്പോൾ എം.എസ്.ബാബുരാജിന്റെ ഹാർമോണിസ്റ്റ് നല്ലളം റസാഖിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. പിന്നീട് മണലാരണ്യത്തിൽ ഒട്ടേറെ വേദികൾ.
കോട്ടയ്ക്കലിൽ എത്തിയശേഷം “ഖയാൽ” എന്ന സംഗീത കൂട്ടായ്മ വഴി കൂടുതൽ അവസരങ്ങൾ ലഭിച്ചു. കോവിഡിനുശേഷം വീണ്ടും രംഗത്ത് സജീവമായി. ആരാധനാലയങ്ങളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ വേദികളിലും പാടുന്നുണ്ട്.
മലയാളം നന്നായി വശമില്ലാത്തതിനാൽ അത്തരം പാട്ടുകൾ പാടാൻ കഴിയുന്നില്ലെന്ന വിഷമം മാത്രമാണ് അദ്ദേഹത്തിനുള്ളത്. ഭാര്യ: റുഖിയ. മക്കൾ: ഷക്കീല, സുൽഫിക്കർ, മുഹമ്മദ് റഷീൻ