എലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണം: എം.കെ രാഘവന്‍ എം.പി
നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി യു.ഡി.എഫ് മുന്നണിയിലെത്തിയ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടിക്ക് നല്‍കിയ എലത്തൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന് എം.കെ രാഘവന്‍ എം.പി എ.ഐ.സി.സി പ്രസിഡന്‍റ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തെ എക്കാലവും മൃഗീയ ഭൂരിപക്ഷം നല്‍കി തുണച്ചിരുന്ന എലത്തൂരില്‍ 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ന് ഭൂരിപക്ഷം നേടാന്‍ സാധിച്ചതാണെന്നും ഈ മണ്ഡലത്തില്‍ പ്രസ്ഥാനത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും എം.പി ആവശ്യപ്പെട്ടു.
വേണ്ടത്ര കൂടിയാലോചനകളില്ലാതെ, മണ്ഡലത്തില്‍ പിന്തുണയോ, പ്രവര്‍ത്തകരോ ഇല്ലാത്ത കക്ഷിക്ക് സീറ്റ് നല്‍കിയത് പ്രധാന കക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇതിനകം തന്നെ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന കാര്യം എം.പി സൂചിപ്പിച്ചു.
ഈ കാര്യങ്ങള്‍ പരിഗണിച്ച് എലത്തൂര്‍ സീറ്റ് തിരിച്ചെടുക്കണമെന്നും, എല്ലാ മണ്ഡലങ്ങളിലും, ജനപിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.