എരുമേലി പോലീസ് സ്റ്റേഷന് ഐ എസ് ഒ അംഗീകാരം ലഭിച്ചു
കോട്ടയം: എരുമേലി പോലീസ് സ്റ്റേഷന് മികവിന്റെ അംഗീകാരമായ ഐ എസ് യു 9001:2015 സര്‍ട്ടിഫിക്കേൻ ലഭിച്ചു. ജില്ലയില്‍ ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പോലീസ് സ്റ്റേഷനാണ് എരുമേലി പോലീസ് സ്റ്റേഷന്‍. കേസന്വേഷണങ്ങളിലെ മികവ്, പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, പോലീസ് സ്റ്റേഷനുള്ളിലെയും പരിസരങ്ങളിലെയും ശുചിത്വം, ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യത, ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ പ്രവര്‍ത്തനം, കഴിഞ്ഞ പ്രളയകാലത്ത് സ്റ്റേഷന്‍ പരിധിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ചെയ്ത മികച്ച സേവനങ്ങള്‍, മുതലായവ മികവിന്റെ അംഗീകാരമായ ഐ എസ് യു 9001:2015 സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആചാരനുഷ്ടാനങ്ങള്‍ യഥാസമയം നടത്തി പോകുന്നതിനുള്ള സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ചെയ്തുവരുന്നതിനും, എരുമേലി ടൗണിലും പരിസരത്തും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 52 ക്യാമറകള്‍ സ്ഥാപിച്ച് 24 മണിക്കൂറും നിതാന്ത ജാഗ്രതയോടുകൂടി കുറ്റകൃത്യങ്ങൾ തടയുന്ന പ്രവൃത്തിയും എരുമേലി പോലീസിനെ ജനകീയമാക്കി. സ്റ്റേഷന്റെ അടിസ്ഥാന വികസനത്തിനൊപ്പം, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സൗഹാർദ്ദപരമായ, മാതൃകാപരമായ, പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നതിനും എരുമേലി പോലീസ് സ്റ്റേഷനായി. പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കും വിശ്രമിക്കുന്നതിനും, കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി പ്രത്യേക സംവിധാനം എന്നിവ എരുമേലി പോലീസ് സ്റ്റേഷന്‍റെ പ്രത്യേകതയാണ്. എരുമേലി ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്റെ പരിധിയിൽ സ്വന്തമായി ഭവനമില്ലാതിരുന്ന ഒരു കുടുംബത്തിന് പോലീസ്-പൊതുജന സഹകരണത്തോടുകൂടി ഭവനം നിർമ്മിച്ച് കൊടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി ശ്രീ ജി ജയദേവ് ഐ.പി.എസ്., കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ്‌കുമാർ, എരുമേലി എസ്.എച്ച്.ഒ സജീവ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിൽ എരുമേലി സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്തമായ പ്രവർത്തന മികവാണ് ഈ പുരസ്‌കാരത്തിനർഹമാക്കിയത്. ജില്ലാ പോലീസ് മേധാവി എരുമേലി പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.