എതിർ കക്ഷിയല്ലാത്ത ഒരാൾ കോടതിയിൽ ഇത്തരം സത്യവാങ്മൂലം നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണന്ന് മുഖ്യമന്ത്രി
വിവിധ ഏജൻസികളുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഒരു ഏജൻസിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വന്നപ്പോൾ പറഞ്ഞോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കസ്റ്റംസ് കമ്മീഷണർ കേസിൽ എതിർകക്ഷി പോലുമല്ലെന്നും കേട്ടുകേൾവിയില്ലാത്ത നടപടിയാണ് കസ്റ്റംസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ഏജൻസികളിൽ ചിലതിന്റെ ആക്രമണോത്സുകതയ്ക്ക് ആക്കം കൂടി. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഇ.ഡി. കിഫ്ബിക്കെതിരേ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പ്രസ്താവനയും. കേരളത്തിനും രാജ്യത്തിനും മാതൃകയായ, വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും മനോനില കടമെടുത്ത് കേന്ദ്ര ഏജൻസി ഇറങ്ങിത്തിരിച്ചത്.
കഴിഞ്ഞ നവംബറിൽ ഒരു പ്രതി ക്രിമിനൽ നിയമത്തിന്റെ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ പ്രസ്താവനയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസിൽ സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മീഷണർ എതിർ കക്ഷി പോലുമല്ല. സ്വപ്ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുമാണ് എതിർ കക്ഷികൾ. എതിർ കക്ഷിയല്ലാത്ത ഒരാൾ കോടതിയിൽ ഇത്തരം സത്യവാങ്മൂലം നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.