വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ആരംഭിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനോടാണ് ടി പത്മനാഭന്‍ വിമര്‍ശനം രേഖപ്പെടുത്തിയത്.
വയോധികയ്ക്ക് എതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. ഇന്നോവ കാറും വലിയ ശമ്പളവും ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭന്‍ ചോദിച്ചു.
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഇരുവരും പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എം സി ജോസഫൈനെ അറിയിക്കുമെന്നും പറഞ്ഞു. അതേസമയം ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് ചോദ്യത്തിന് പി ജയരാജന്‍ പ്രതികരിക്കാന്‍ തയാറായില്ല.
അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി എം സി ജോസഫൈന്‍ രംഗത്തെത്തി. ‘വൃദ്ധയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. വിളിച്ചയാളുടെ സംസാരത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. അതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. മാദ്ധ്യമങ്ങള്‍ സംഭവം പെരുപ്പിച്ച് കാട്ടുകായിരുന്നു എന്നായിരുന്നു ജോസഫൈന്‍ പറയുന്നത്.