ഉഴവൂരിൽ കാർ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഉള്ളില്‍ കുടുങ്ങിയ ഷാപ്പ് നടത്തിപ്പുകാരന്‍ മോനിപ്പള്ളി കാരാംവേലില്‍ റജിമോനെ സമീപവാസിയായ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് രക്ഷിച്ചു.
ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ഉഴവൂരില്‍ നിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാര്‍. ആല്‍പ്പാറ റോഡില്‍ പായസപ്പടി ഭാഗത്തെ ട്രാന്‍സ് ഫോര്‍മറിലേക്കാണ് ഇടിച്ചു കയറിയത്. കാറിന് മുകളിലേക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പതിച്ചു. ചുറ്റും വൈദ്യുതി വിതരണ കമ്പികളും വീണു. ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്ത വിധം ആയിരുന്നു.
വീട് പണി നടക്കുന്ന സ്ഥലത്തായിരുന്ന എബി ശബ്ദം കേട്ടാണ് എത്തുന്നത്. കാറിന് പിന്നിലെ ഗ്ലാസ് തല്ലിപ്പൊട്ടിക്കുന്നതിനിടയില്‍ കൈ മുറിയുകയും ചെയ്തു. കാര്‍ കത്തുന്നതിനിടയില്‍ യാത്രക്കാരന്‍ സംഭവസ്ഥലത്ത് നിന്ന് പോവുകയും ചെയ്തു. എബിയാണ് അഗ്നിരക്ഷാ സേനയേയും വൈദ്യുതി വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുന്നത്.രക്ഷാപ്രവർത്തനത്തിൽ എബിക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട് കൂത്താട്ടുകുളത്തും അഗ്‌നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്.