കൊച്ചി: ഉമ്മൻ ചാണ്ടിക്ക് നിഷേധിക്കാൻ കഴിയാത്ത രണ്ട് ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് സോളാർ പീഡന കേസിലെ പരാതിക്കാരി. ഉമ്മൻ ചാണ്ടി തെളിവുകൾ നശിപ്പിച്ചാലും തെളിവുകൾ മറ്റുള്ളവരുടെ കൈവശമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ സോളാർ കമ്മീഷന് നൽകിയിട്ടുണ്ട്. കോടതിക്ക് നേരിട്ടു നൽകേണ്ട രണ്ട് തെളിവുകൾ തന്റെ കൈവശമുണ്ട്. ഉമ്മൻ ചാണ്ടിക്ക് നിഷേധിക്കാൻ കഴിയാത്ത തെളിവുകളാണത്. എന്നെ കണ്ടിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞത്. ശേഷം ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ടാകാം എന്നു പറഞ്ഞു. പിന്നീട് ഔദ്യോഗികമായി കണ്ടിട്ടില്ല എന്നു പറഞ്ഞു. പിന്നീട് വേറൊരു തരത്തിലും ബന്ധപ്പെട്ടില്ലെന്നും പറഞ്ഞു. അദ്ദേഹത്തിന് നിഷേധിക്കാനുള്ള അവകാശം ഉണ്ട്, പരാതിക്കാരി പറയുന്നു.
ഉമ്മൻ ചാണ്ടിയും താനും സംസാരിക്കുന്നതിന്റെയും ഉമ്മൻ ചാണ്ടിക്കും മറ്റൊരാൾക്കുമൊപ്പം നിൽക്കുന്നതിന്റെയും തെളിവുകൾ കൈവശമുണ്ട്. അത്തരം തെളിവുകൾ നശിപ്പിച്ചാലും നശിപ്പിക്കാൻ കഴിയാത്ത തെളിവുകൾ മറ്റുള്ളവരുടെ കൈവശമുണ്ടെന്ന് പരാതിക്കാരി പറയുന്നു. എല്ലാം ഡീലീറ്റ് ചെയ്ത് തൂത്തുവാരിയതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. താൻ എല്ലാ ബഹുമാനത്തോടെയുമാണ് സംസാരിക്കുന്നതെന്നും പരാതിക്കാരി പറയുന്നു.