കോട്ടയ്ക്കൽ: കുടുബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഭക്ഷ്യ വിപണന മേളയായ “ഉമ്മാന്റെ വടിക്കിനി “യില്‍ അഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ഉത്പന്ന വിപണന മേളകളിലെ 16 സ്റ്റാളുകളില്‍ നിന്നായി രണ്ട് ലക്ഷത്തില്‍ പരം വിറ്റു വരവും ലഭിച്ചു.
അഞ്ച് ദിവസങ്ങളിലായി നടന്ന മേളയില്‍ 10 സംരംഭകരുടെ ഭക്ഷണ കൗണ്ടറുകളിലായി 30ല്‍ പരം സ്ത്രീകളാണ് ഭക്ഷ്യമേളയുടെ ഭാഗമായത്. ചട്ടിപ്പത്തിരി, കിളിക്കൂട്, ഉന്നക്കായ, ചിക്കന്‍ റോള്‍, വിവിധതരം ബിരിയാണി, സ്നാക്സ്, ചിക്കന്‍ ചീറിപ്പാഞ്ഞത്, ചതിക്കാത്ത സുന്ദരി, കരിഞ്ചീരക കോഴി, കപ്പ ബിരിയാണി, കപ്പ മീന്‍ കറി, തേങ്ങ ചോറ് ബീഫ്, ദോശകള്‍, കേക്കുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരുന്നത്. വിവിധ സിഡിഎസുകളിലെ ബാലസഭ കുട്ടികള്‍, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ കൂട്ടായ്മകള്‍, പൊതു ജനങ്ങള്‍ എന്നിവരുടെ നിറഞ്ഞ പങ്കാളിത്തത്തിലുള്ള വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറിയിരുന്നു. നവംബര്‍ 26 മുതല്‍ ആരംഭിച്ച മേള 30നാണ് അവസാനിച്ചത്.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ഷെരീഫ് കോണോതൊടി അധ്യക്ഷയായി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് മുഖ്യാതിഥിയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.കെ അബ്ദുള്‍ റഹിം, സിദ്ധീഖ് നൂറേങ്ങല്‍, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി.ജിജു, മങ്കട, മലപ്പുറം ബ്ലോക്കുകളിലെ വിവിധ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ വി.കെ.ജമീല, കെ. സമരിയ, മൈമൂന, വ്യാപാരി വ്യവസായി ഏകോപന സമിതി ജോയിന്റ് സെക്രട്ടറി, ട്രഷറര്‍മാരായ പി.കെ. അബ്ദുല്‍ അസീസ്, എ.പി.ഹംസ, മലപ്പുറം മുനിസിപ്പാലിറ്റി മെമ്പര്‍ സെക്രട്ടറി ഷംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.